മുംബൈ: ക്യാപ്റ്റന്‍ വിരാട് കോലിയുടെ ബാറ്റിങ് മികവ് കാര്യമായി ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിലും ഇത്തവണയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുതന്നെയാണ് ഫിനിഷ് ചെയ്തത്. അതേസമയം ആര്‍.സി.ബി ടീമിന്റെ ദയനീയ പ്രകടനം ലോകകപ്പില്‍ കോലിയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിക്ക് ഇത്തരം ആശങ്കകള്‍ ഒന്നും തന്നെയില്ല.

ആര്‍.സി.ബിയുടെ ഐ.പി.എല്ലിലെ മോശം പ്രകടനം ലോകകപ്പില്‍ കോലിയുടെ പ്രകടനത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ശാസ്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

''ഒരു ആഭ്യന്തര ലീഗും രാജ്യാന്തര ടൂര്‍ണമെന്റും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. ക്രിക്കറ്റിന്റെ ഏറ്റവും വലിയ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. അതില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കോലി കൈവരിച്ച നേട്ടങ്ങള്‍ നോക്കൂ. ടെസ്റ്റില്‍ മാത്രമല്ല എല്ലാ ഫോര്‍മാറ്റിലും തന്നെ അദ്ദേഹത്തിന്റെ വളര്‍ച്ച നോക്കൂ. ഇനിയും അദ്ദേഹം ഏറെ മെച്ചപ്പെടും'' - ശാസ്ത്രി പറഞ്ഞു. 

പരിക്കുകളൊന്നും വിലങ്ങുതടിയായില്ലെങ്കില്‍ കോലി ഏഴോ എട്ടോ വര്‍ഷക്കാലം കൂടി കളിക്കളത്തിലുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.പി.എല്‍ 12-ാം സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 33.14 ശരാശരിയില്‍ കോലി 464 റണ്‍സെടുത്തിരുന്നു. 

അതേസമയം എല്ലാ തരത്തിലും ഇന്ത്യ ലോകകപ്പിന് സജ്ജരാണെന്നും ശാസ്ത്രി പറഞ്ഞു. നാലാം നമ്പറിനെ കുറിച്ച് ആശങ്കകളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാലാം നമ്പറില്‍ വിജയ് ശങ്കറോ മറ്റാരെങ്കിലുമോ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ആ സ്ഥാനത്തേക്ക് പലരും അര്‍ഹരാണ്. അതിനെക്കുറിച്ച് ആശങ്കകളില്ല, ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: virat kohli ipl form will have no bearing on icc world cup performance coach ravi shastri