സതാംപ്ടണ്‍: ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പിഴ ശിക്ഷയും ഒരു ഡീമെറിറ്റ് പോയിന്റും. കോലി ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ ഒന്ന് പ്രകാരമുള്ള കുറ്റം ചെയ്തതായി കണ്ടതിനെ തുടര്‍ന്നാണ് നടപടി. 

മത്സരത്തിന്റെ 29-ാം ഓവറില്‍ റഹ്മത്ത് ഷായെ ബുംറ കുടുക്കിയതിനെ തുടര്‍ന്ന് ഇന്ത്യ വിക്കറ്റിനായി അപ്പീല്‍ ചെയ്തിരുന്നു. എന്നാല്‍ അംപയര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഇന്ത്യ റിവ്യൂ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അംപയര്‍ അലീം ദാറുമായി കോലി തര്‍ക്കിച്ചത്.

മത്സരത്തിലെ അമിത അപ്പീലിനെ തുടര്‍ന്നാണ് കോലിക്ക് മാച്ച് റഫറി ക്രിസ് ബ്രോഡ് പിഴശിക്ഷ വിധിച്ചത്. മാച്ച് റഫറിയുടെ ശിക്ഷാനടപടി അംഗീകരിച്ചതിനാല്‍ വിശദീകരണം നല്‍കാന്‍ കോലി ഹാജരാകേണ്ടതില്ല. 

2016 സെപ്റ്റംബറില്‍ ഐസിസി പെരുമാറ്റചട്ടം പരിഷ്‌കരിച്ചതിന് ശേഷം രണ്ടാം തവണയാണ് കോലി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. 2018 ജനുവരിയില്‍ പ്രിട്ടോറിയയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം. ഇതോടെ കോലിക്ക് രണ്ട് ഡീമെറിറ്റ് പോയിന്റുകളായി.

Content Highlights: Virat Kohli fined for excessive appealing during ICC Cricket World Cup match against Afghanistan