മാഞ്ചെസ്റ്റര്‍: ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്കു പിന്നാലെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് എം.എസ് ധോനിയെ ബാറ്റിങ്ങില്‍ ഏഴാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറക്കിയതിന്റെ പേരിലാണ്‌.

അഞ്ചു റണ്‍സിനിടെ മൂന്നു വിക്കറ്റും 24 റണ്‍സില്‍ നാലാം വിക്കറ്റും നഷ്ടമായപ്പോള്‍ ആടിയുലഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സ് നേരെയാക്കാന്‍ ധോനി ഇറങ്ങുമെന്നായിരുന്നു ആരാധകരടക്കം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അഞ്ചാമത് ദിനേഷ് കാര്‍ത്തിക്കും ആറാമത് ഹാര്‍ദിക് പാണ്ഡ്യയുമാണ് ക്രീസിലെത്തിയത്. 

കാര്‍ത്തിക് വീണ്ടും പരാജയമായപ്പോള്‍ 32 റണ്‍സെടുത്ത പാണ്ഡ്യയ്ക്ക് ഇന്നിങ്‌സ് മുന്നോട്ടുനയിക്കാനും സാധിച്ചില്ല. തകര്‍ച്ച നേരിടുന്ന ഘട്ടത്തിലും ധോനിയെ ബാറ്റിങ് ഓര്‍ഡറില്‍ നേരത്തെ ഇറക്കാത്തതിനെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും വിമര്‍ശിച്ചിരുന്നു. 

ഇപ്പോഴിതാ ധോനിയെ ഏഴാമത് ഇറക്കിയതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. 

ആദ്യത്തെ ഏതാനും മത്സരങ്ങള്‍ക്കു ശേഷം ധോനിക്ക് ഏല്‍പ്പിച്ചുകൊടുത്ത റോള്‍ ഇതായിരുന്നു. അദ്ദേഹത്തിന് ബാറ്റു ചെയ്യാനും ഒരറ്റത്തു നിന്ന് അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും സാധിക്കുന്നതിനാലാണ് അങ്ങനെ ചെയ്തത്. അവസാനം ആറോ ഏഴോ ഓവറുകള്‍ അദ്ദേഹത്തിന് അടിച്ച് കളിക്കാനും സാധിക്കും, കോലി വ്യക്തമാക്കി.

Content Highlights: Virat Kohli explains why MS Dhoni was sent to bat at No. 7