മാഞ്ചസ്റ്റര്‍:  എം.എസ് ധോനിയെ ഏഴാമതായി ഇറക്കിയ വിരാട് കോലിയുടെ തീരുമാനത്തിനെതിരേ ആരാധകര്‍ക്ക് പിന്നാലെ മുന്‍താരങ്ങളും രംഗത്ത്. സൗരവ് ഗാംഗുലിയും വി.വി.എസ് ലക്ഷ്മണുമാണ് വിമര്‍ശനമുന്നയിച്ചത്. തോല്‍വിക്കുള്ള കാരണം മറ്റൊന്നുമല്ലെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. 

കോലി തന്ത്രങ്ങളില്‍ വിഡ്ഢിത്തം കാണിച്ചു. ഹാര്‍ദിക് പാണ്ഡ്യക്കും ദിനേശ് കാര്‍ത്തിക്കിനും മുമ്പ് ധോനി ക്രീസിലെത്തണമായിരുന്നു. ഋഷഭ് പന്തുമായി ചേര്‍ന്ന് ധോനി കൂട്ടുകെട്ടുണ്ടാക്കണമായിരുന്നു. ധോനിക്ക് വേണ്ടിയുള്ള വേദിയായിരുന്നു ഇത്. 2011 നമ്മള്‍ മറക്കരുത്. യുവരാജിന് മുമ്പ് നാലാം നമ്പറില്‍ സ്വയം ഇറങ്ങുകയായിരുന്നു ധോനി. ഇന്ത്യ വിജയിക്കുകയും ലോകകപ്പ് നേടുകയും ചെയ്തു. ലക്ഷ്മണ്‍ വ്യക്തമാക്കി.

ധോനിയെ അഞ്ചാമനായി ഇറക്കിയിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്. വിക്കറ്റുകള്‍ തുടരെ വീണ സാഹചര്യത്തില്‍ ധോനിക്ക് സ്ഥാനക്കയറ്റം നല്‍കി മത്സരം നിയന്ത്രിക്കാനുള്ള ശ്രമമായിരുന്നു നടത്തേണ്ടിയിരുന്നത്. ഗാംഗുലി വ്യക്തമാക്കി.

എന്നാല്‍ ധോനിയെ എന്തുകൊണ്ട് ഏഴാമതായി ഇറക്കി എന്നതിന് മത്സരശേഷം കോലി വിശദീകരണം നല്‍കിയിരുന്നു. ആദ്യത്തെ ഏതാനും മത്സരങ്ങള്‍ക്കു ശേഷം ധോനിക്ക് ഏല്‍പ്പിച്ചുകൊടുത്ത റോള്‍ ഇതായിരുന്നു. അദ്ദേഹത്തിന് ബാറ്റു ചെയ്യാനും ഒരറ്റത്തു നിന്ന് അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും സാധിക്കുന്നതിനാലാണ് അങ്ങനെ ചെയ്തത്. അവസാനം ആറോ ഏഴോ ഓവറുകള്‍ അദ്ദേഹത്തിന് അടിച്ച് കളിക്കാനും സാധിക്കും. ഇതായിരുന്നു കോലി നല്‍കിയ വിശദീകരണം. 

Content Highlights: Virat Kohli Decision to Send Dhoni at 7 Ganguly and Laxman