ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ വിരാട് കോലിയും കെയ്ന്‍ വില്ല്യംസണും മുഖാമുഖം വരുമ്പോള്‍ 11 വര്‍ഷം മുമ്പുള്ള ഒരു സെമിഫൈനലാണ് ക്രിക്കറ്റ് ആരാധകരുടെ മനസ്സിലെത്തുക. അന്നുപക്ഷേ ഇന്നത്തെപ്പോലെ പരിചയസമ്പന്നരായ താരങ്ങളായിരുന്നില്ല ഇരുവരും, കൗമാരം പിന്നിടാത്ത കുട്ടിത്താരങ്ങളായിരുന്നു. 2008 അണ്ടര്‍-19 ലോകകപ്പായിരുന്നു ആ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടത്തിന്റെ വേദി.
അന്ന് സെമിഫൈനലില്‍ ഇതുപോലെ മുഖാമുഖം വന്നത് ഇന്ത്യയും ന്യൂസീലന്‍ഡും. ന്യൂസീലന്‍ഡിന്റെ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. ഇന്ത്യയെ നയിക്കുന്നത് വിരാട് കോലി. ഇന്ന് കളിക്കുന്ന മൂന്നു പേര്‍ കൂടി അന്നു ടീമിലുണ്ടായിരുന്നു. രവീന്ദ്ര ജഡേജയും ട്രെന്റ് ബോള്‍ട്ടും ടിം സൗത്തിയും.
അന്ന് വിജയം ഇന്ത്യക്കൊപ്പം നിന്നു. മൂന്നു വിക്കറ്റിന് ഇന്ത്യ ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തി. വില്ല്യംസണ്‍ 37 റണ്‍സെടുത്തപ്പോള്‍ ഓള്‍റൗണ്ട് പ്രകടനവുമായി വിരാട് കോലി ആ സെമിഫൈനലിലെ താരമായി. 43 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 12 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുകയും ചെയ്തു.
Content Highlights: Virat Kohli and Kane Williamson were captains in India vs New Zealand Under 19 World Cup semi final