നോട്ടിങ്ഹാം: ക്രിക്കറ്റില്‍ അമ്പയറിങ് പിഴവുകള്‍ക്ക് നമ്മള്‍ പലപ്പോഴും സാക്ഷികളായിട്ടുണ്ട്. വീഡിയോ സംവിധാനങ്ങളുടെയും ഡി.ആര്‍.എസ് സംവിധാനങ്ങളുടെയും വരവോടെ ഇത് ഒരു പരിധിവരെ കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് പൂര്‍ണമായും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ലോകകപ്പില്‍ വ്യാഴാഴ്ച നടന്ന ഓസ്‌ട്രേലിയ - വെസ്റ്റിന്‍ഡീസ് മത്സരം.

മത്സരത്തിനിടെ വിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പുറത്താകലാണ് വിവാദമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അഞ്ചാം ഓവറിന്റെ അഞ്ചാം പന്തിലാണ് ഗെയ്ല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുന്നത്. എന്നാല്‍ അതേ ഓവറില്‍ സ്റ്റാര്‍ക്ക് എറിഞ്ഞ നാലാം പന്ത് ഫ്രണ്ട് ഫൂട്ട് നോബോളായിരുന്നു. അമ്പയര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല. 

എല്‍.ബി.ഡബ്ല്യൂ അപ്പീല്‍ ഗെയ്ല്‍ റിവ്യൂ ചെയ്തിരുന്നു. എന്നാല്‍ തീരുമാനം പരിശോധിച്ച മൂന്നാം അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലാം പന്തിന്റെ റീപ്ലേ കാണിക്കുന്നത്. ഇത് നോബോളാണെന്ന് വ്യക്തമായിരുന്നു. ശരിക്കും ഫ്രീ ഹിറ്റ് ലഭിക്കേണ്ട പന്തിലാണ് ഗെയ്ല്‍ പുറത്തായത്. ഇതോടെ സംഭവം വിവാദമാകുകയായിരുന്നു.

ട്വിറ്ററില്‍ പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. 17 പന്തില്‍ നിന്ന് 21 റണ്‍സെടുത്താണ് ഗെയ്ല്‍ പുറത്തായത്. 

Content Highlights: umpiring trolled as ball before chris gayle was out was no ball