മാഞ്ചെസ്റ്റര്‍:  സെമിക്കും ഫൈനലിനും ഇടയിലുള്ള മൂന്നിഞ്ച് ദൂരമായിരുന്നു അത്... ധോനിയുടെ ബാറ്റിനും ക്രീസിലെ വരയ്ക്കും ഇടയിലുള്ള ആ ദൂരത്തിലാണ് കോടിക്കണക്കിന് ജനതയുടെ സ്വപ്നങ്ങള്‍ ഒരു നിമിഷംകൊണ്ട് പൊലിഞ്ഞുപോയത്. 

ലോകകപ്പ് ക്രിക്കറ്റിലെ ആ നിമിഷംവരെ ഔട്ട് ഓഫ് ഫോം ആയ ഒരു ബാറ്റ്സ്മാന്‍ മാത്രമായിരുന്നു മാര്‍ട്ടിന്‍ ഗപ്ടില്‍. ആദ്യം ബാറ്റുചെയ്യാനിറങ്ങിയപ്പോള്‍ ഒരേയോരു റണ്‍ മാത്രം നേടി പവിലിയനിലേക്ക് തലകുനിച്ച് മടങ്ങിപ്പോയ ഒരാള്‍. പക്ഷേ, ആ നിമിഷങ്ങളെയെല്ലാം ഒരുനിമിഷംകൊണ്ട്, ഒരൊറ്റ ഏറുകൊണ്ട് ഗപ്ടില്‍ തിരുത്തി. 

ഫൈന്‍ ലെഗിലേക്ക് അടിച്ച പന്തില്‍ രണ്ടാം റണ്‍ ഓടിയെടുക്കാനുള്ള ധോനിയുടെ ശ്രമം മൂന്നിഞ്ച് വ്യത്യാസത്തില്‍ ഗപ്ടിലിന്റെ തകര്‍പ്പന്‍ ഏറില്‍ വിഫലമായി. ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങളെല്ലാം ആ ഏറില്‍, ആ റണ്ണൗട്ടില്‍ പൊലിഞ്ഞുപോയപ്പോള്‍ ഒരൊറ്റ ഏറുകൊണ്ട്, ഒരൊറ്റ റണ്ണൗട്ടുകൊണ്ട് അതുവരെയുള്ള പാപഭാരമെല്ലാം ഗപ്ടില്‍ കഴുകിക്കളഞ്ഞു.

ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയില്‍ ഒരൊറ്റ റണ്ണൗട്ടില്‍ അതുവരെ നെയ്‌തെടുത്ത സ്വപ്നങ്ങളെല്ലാം പാഴായിപ്പോകുന്നത് ഇതാദ്യസംഭവമല്ല. 1999-ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങള്‍ വീണുടഞ്ഞതും ഒരൊറ്ററണ്ണൗട്ടിലായിരുന്നു. 

ഓസ്ട്രേലിയയ്‌ക്കെതിരേ അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം ഒരു വിക്കറ്റ് കൈയിലിരിക്കെ ഒമ്പതു റണ്‍സ്. ക്രീസില്‍ സ്ട്രൈക്ക് ചെയ്യാന്‍ നില്‍ക്കുന്നത് അന്ന് ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായിരുന്ന ലാന്‍സ് ക്ലൂസ്നര്‍. ഫ്‌ളെമിങ് എറിഞ്ഞ ആദ്യ രണ്ടുപന്തും ക്ലൂസ്നര്‍ ബൗണ്ടറികടത്തിയതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു. അതോടെ ഫീല്‍ഡര്‍മാരെയെല്ലാം സര്‍ക്കിളിനുള്ളിലേക്ക് വിളിച്ച് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ ഫീല്‍ഡിങ് കോട്ടകെട്ടി. മൂന്നാം പന്തില്‍ റണ്ണില്ല. നാലാം പന്തില്‍ സിംഗിളിനായി ക്ലൂസ്നര്‍ ഓടിയെങ്കിലും മറുവശത്ത് അലന്‍ ഡൊണാള്‍ഡ് റണ്ണിനായി ഓടാതെ പന്തുപോകുന്നതും നോക്കിനിന്നു. ക്ലൂസ്നര്‍ ഓടി ഇപ്പുറത്ത് എത്തിയപ്പോഴാണ് ഡൊണാള്‍ഡിന് കാര്യങ്ങള്‍ മനസ്സിലായത്. ഉടനെ സര്‍വശക്തിയുമെടുത്ത് ഡൊണാള്‍ഡ് സ്ട്രൈക്കിങ് എന്‍ഡിലേക്ക് ഓടിയെങ്കിലും അതിനുമുമ്പേ ഓസീസ് ഫീല്‍ഡര്‍മാര്‍ പന്തുമായി സ്റ്റമ്പ് പിഴുതിരുന്നു. ഒരു റണ്ണൗട്ടില്‍ സങ്കടക്കടലായി ദക്ഷിണാഫ്രിക്ക ഒലിച്ചുപോയ നിമിഷം.

ധോനിയുടെ റണ്ണൗട്ടില്‍ ഇന്ത്യയുടെ സ്വപ്നങ്ങളെല്ലാം ഒരുനിമിഷംകൊണ്ട് പൊലിഞ്ഞ സങ്കടത്തില്‍ നില്‍ക്കുമ്പോഴും മറ്റൊരു കാര്യം ആരാധകരുടെ വിഷമം ഇരട്ടിയാക്കുന്നുണ്ട്. ഗപ്ടില്‍ ധോനിയെ റണ്ണൗട്ടാക്കുന്നനേരത്ത് സര്‍ക്കിളിനുപുറത്ത് ആറു ന്യൂസീലന്‍ഡ് ഫീല്‍ഡര്‍മാര്‍ ഉണ്ടായിരുന്നു. നിയമപ്രകാരം ആ സമയത്ത് അഞ്ചുപേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. കിവീസിന്റെ നിയമലംഘനം അമ്പയര്‍ കണ്ടിരുന്നെങ്കിലോ. പന്ത് നോബോള്‍ വിധിച്ച് റണ്ണൗട്ട് ഒഴിവാകുമായിരുന്നിരിക്കണം. നോബോളിന് പകരമായി കിട്ടുന്ന ഒരു ഫ്രീ ഹിറ്റ് കൂടിയാകുമ്പോള്‍ കഥതന്നെ മാറില്ലെന്ന് ആരുകണ്ടു.

Content Highlights: Kashmir cricketer dies after getting hit by ball during a match