ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിനു പിന്നാലെ ടീമിന്റെ സഹപരിശീലകന്‍ സഞ്ജയ് ബംഗാറിന്റെ സ്ഥാനം ഭീഷണിയില്‍. 

തോല്‍വിക്കു പിന്നാലെ ടീമിന്റെ പരിശീലക സംഘത്തെ പിരിച്ചു വിടണമെന്ന് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

രവി ശാസ്ത്രി നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ പരിശീലക സംഘത്തിന്റെ കാലാവധി ലോകകപ്പോടെ അവസാനിക്കുമെങ്കിലും ഇവര്‍ക്ക് 45 ദിവസം കൂടി ബി.സി.സി.ഐ കാലാവധി നീട്ടിനല്‍കിയിട്ടുണ്ട്. 

ബൗളങ് കോച്ച് ഭാരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ എന്നിവരുടെ പ്രകടനത്തില്‍ ബി.സി.സി.ഐ തൃപ്തരാണെങ്കിലും ബാറ്റിങ് യൂണിറ്റില്‍ പ്രത്യേകിച്ചും നാലാം നമ്പറിലേക്ക് ഒരു താരത്തെ കണ്ടെത്താന്‍ സാധിക്കാത്തതില്‍ അവര്‍ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യമാണ് ബംഗാറിന് വിനയായിരിക്കുന്നത്. 

മധ്യനിരയില്‍ ഇടയ്ക്കിടെ താരങ്ങളെ മാറ്റി പരീക്ഷിക്കുന്നത് ലോകകപ്പില്‍ മാത്രമല്ല കഴിഞ്ഞ കുറേക്കാലമായി ടീമിന് തലവേദനയാണ്. ഇതിന് ഒരു പരിഹാരം കണ്ടെത്തുന്നതില്‍ ബംഗാര്‍ പരാജയപ്പെട്ടുവെന്നും ഒരു മുതിര്‍ന്ന ബി.സി.സി.ഐ അംഗം പറഞ്ഞു.

ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ പരിക്കേറ്റ് ടീമിന് പുറത്താകുന്നതിന് തൊട്ടുമുന്‍പുവരെ താരം ഫിറ്റായിരുന്നുവെന്നാണ് ബംഗാര്‍ അറിയിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളെല്ലാം ബംഗാറിന് തിരിച്ചടിയായിരിക്കുകയാണ്.

Content Highlights: Team India Assistant Coach Sanjay Bangar Under Scanner After World Cup Exit