ലോഡ്‌സ്: എപ്പോഴും എല്ലാ കാലത്തും ചോദ്യം ചെയ്യപ്പെടുന്നതാണ് ക്രിക്കറ്റിലെ ഓരോ നിയമങ്ങളും. മഴ പെയ്താല്‍ ഉപയോഗിക്കുന്ന ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിന് കേള്‍ക്കാത്ത പഴികളില്ല. ഇതുവരെ അത് കൃത്യമായി നിര്‍വചിക്കാന്‍, പഴുതുകളില്ലാതെ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോകകപ്പില്‍ പാകിസ്താന്‍ നെറ്റ് റണ്‍റേറ്റില്‍ തട്ടി പുറത്തായപ്പോഴും ഈ ചോദ്യമുയര്‍ന്നു. എങ്ങനെയാണ് നെറ്റ് റണ്‍റേറ്റ് തീരുമാനിക്കുന്നത് എന്നും അത് എത്രത്തോളം കൃത്യതയുള്ളതാണെന്നും ആയിരുന്നു ആരാധകരുടെ ചോദ്യം.

ലോകകപ്പ് ഫൈനലിലെത്തിയപ്പോഴും അതിന് മാറ്റമൊന്നുമില്ല. ഇത്തവണ സൂപ്പര്‍ ഓവറിന്റെ അവസ്ഥ കണ്ടിട്ടാണ് ആരാധകര്‍ നെറ്റി ചുളിക്കുന്നത്. ആ സൂപ്പര്‍ ഓവറിലൂടെ ക്രിക്കറ്റ് ലോകകപ്പിന്റെ ചാമ്പ്യന്‍മാരെയാണ് തിരഞ്ഞെടുത്തതെന്ന് ഓര്‍ക്കണം. അതുതന്നെയാണ് ആരാധകരോഷത്തിന് പിന്നില്‍.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സൂപ്പര്‍ ഓവറായിരുന്നു ലോഡ്‌സില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ഫൈനലില്‍ കണ്ടത്. നിശ്ചിത ഓവറില്‍ ഇരുടീമുകളും സമനില പാലിച്ചതോടെ മത്സരഫലം സൂപ്പര്‍ ഓവറില്‍ നിര്‍ണയിക്കപ്പെടുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറും ടൈ ആയി. ഇതോടെ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായി. ഇത് സൂപ്പര്‍ ഓവറിന്റെ നിയമത്തില്‍ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാന്‍ ആകില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ന്യൂസിലന്‍ഡിനേക്കാള്‍ ഒരു റണ്‍ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതല്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമാവുകയും ചെയ്തു. സൂപ്പര്‍ ഓവര്‍ ന്യൂസീലന്‍ഡ് സിക്‌സും അടിച്ചു. എന്നിട്ടും നിയമം ഇംഗ്ലണ്ടിനെ തുണക്കുകയായിരുന്നു. ഇംഗ്ലണ്ട് ആകെ 26 തവണ പന്ത് ബൗണ്ടറി ലൈന്‍ കടത്തിയപ്പോള്‍ ന്യൂസീലന്‍ഡിന്റെ പേരിലുണ്ടായത് മൂന്ന് സിക്‌സ് അടക്കം 17 ബൗണ്ടറികള്‍. 

ഈ സൂപ്പര്‍ ഓവര്‍ നിയമത്തിനെതിരേ ആരാധകരോടൊപ്പം മുന്‍താരങ്ങളും രംഗത്തെത്തി. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിലടക്കം നഷ്ടമായ വിക്കറ്റുകളും വിജയിയെ നിര്‍ണയിക്കുന്നതില്‍ പരിഗണിക്കുമ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലൂടെ മാത്രം വിജയിയെ പ്രഖ്യാപിച്ചത് ശരിയായില്ലെന്ന് ഓസീസിന്റെ മുന്‍ താരം ഡീന്‍ ജോണ്‍സ് ചൂണ്ടിക്കാട്ടുന്നു. ക്രൂരത എന്നായിരുന്നു കിവീസിന്റെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ ട്വീറ്റ്. ഈ നിയനം ദഹിക്കുന്നതല്ലെന്ന് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫും പറയുന്നു. ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

നിരവധി ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ അനിഷ്ടം അറിയിച്ചു. കൂടുതല്‍ എയ്‌സ് പായിച്ചയാളെ ടെന്നീസില്‍ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. സൂപ്പര്‍ ഓവറും ടൈ ആയപ്പോള്‍ കിരീടം പങ്കിടേണ്ടിയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്.

 

Content Highlights: Super Over Rule World Cup Final England vs New Zealand