സതാംപ്ടണ്‍: കാണികള്‍ കൂവിയത് തന്നെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവന്‍ സ്മിത്ത്. ''ഒരാളോട് എങ്ങനെ പ്രതികരിക്കണമെന്നത് ആളുകള്‍ തീരുമാനിക്കേണ്ട കാര്യമാണ്. പരിഹസിക്കുകയും കൂവുകയും ആണെങ്കില്‍ ആയിക്കോട്ടേ. എന്റെ ബാറ്റിങ്ങിനെ അത് ബാധിക്കാന്‍ അനുവദിക്കില്ല''.- ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹമത്സരത്തിനുശേഷം സ്മിത്ത് പറഞ്ഞു. സ്മിത്ത് സെഞ്ചുറിയടിച്ച മത്സരം 12 റണ്‍സിന് ഓസ്ട്രേലിയ വിജയിച്ചു.

സ്മിത്തിന് മാത്രമല്ല, ഓപ്പണിങ് ബാറ്റ്സ്മാന്‍ ഡേവിഡ് വാര്‍ണര്‍ക്കും കൂവല്‍ കിട്ടി. പന്തു ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. അതിനുശേഷം ലോകകപ്പ് ടീമിലേക്ക് ഇരുവരും തിരിച്ചെത്തി.

മത്സരം കാണാന്‍ 11500 പേരോളം എത്തിയിരുന്നു. അവര്‍ നിരന്തരം കൂവിക്കൊണ്ടിരുന്നു. എന്നാല്‍, ടീമംഗങ്ങളുടെ മുഴുവന്‍ പിന്തുണയും തനിക്കുണ്ടെന്നും അതിനെയാണ് താന്‍ മതിക്കുന്നതെന്നും സ്മിത്ത് വ്യക്തമാക്കി.

102 പന്തില്‍ സ്മിത്ത് 116 റണ്‍സെടുത്തു. 55 പന്തില്‍ 43 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും മോശമാക്കിയില്ല. 50 ഓവറില്‍ ഓസ്ട്രേലിയ നേടിയത് ഒമ്പത് വിക്കറ്റിന് 297 റണ്‍സ്. ഇംഗ്ലണ്ട് 49.3 ഓവറില്‍ 285ന് പുറത്തായി. ജയിംസ് വിന്‍സ് (64) ആണ് ടോപ്സ്‌കോറര്‍. ജോസ് ബട്ലര്‍ 31 പന്തില്‍ 52 റണ്‍സെടുത്തു.

Content Highlights: Steve Smith on England Fans World Cup 2019