ലണ്ടന്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബുധനാഴ്ച്ച നടക്കുന്ന ഈ മത്സരത്തിന് മുമ്പെ വീറും വാശിയും കൂട്ടുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളര്‍ കാഗിസോ റബാദെ. ഒട്ടും പക്വതയില്ലാത്ത പെരുമാറ്റമാണ് കോലിയുടേതെന്നും പ്രകോപനം താങ്ങാനുള്ള ശേഷി ഇന്ത്യന്‍ ക്യാപ്റ്റന് ഇല്ലെന്നുമായിരുന്നു റബാദെ പറഞ്ഞത്. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ ആയിരുന്നു റബാദെയുടെ ഈ പരാമര്‍ശങ്ങള്‍.

കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും റബാദെയുടെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഐ.പി.എല്‍ ഈ സീസണില്‍ നടന്ന ഒരു മത്സരത്തിനിടെ ഉണ്ടായ സംഭവം ചൂണ്ടിക്കാട്ടിയാണ് റബാദെ കോലിയെ വിലയിരുത്തിയത്. 'എന്റെ ഓവറില്‍ കോലി ബൗണ്ടറി നേടിയിരുന്നു. ഇതിനിടയില്‍ ഞങ്ങള്‍ രണ്ടുപേരും വാക്‌പോരില്‍ ഏര്‍പ്പെടുകയും ചെയ്തു. 

പലപ്പോഴും പ്രകോപനത്തിന് തുടക്കമിടുന്നത് കോലിയായിരിക്കും. എന്നാല്‍ നമ്മള്‍ അതുപോലെ തിരിച്ചുപറഞ്ഞാല്‍ അതു താങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കഴിയാറില്ല. എനിക്കെതിരേ ഫോറോ സിക്‌സോ അടിച്ചാല്‍ കോലി മോശമായി എന്തെങ്കിലും പറയും. അപ്പോള്‍ ഞാനും അതേ രീതിയില്‍ തിരിച്ചുപറയും. പക്ഷേ അതു കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് പെട്ടെന്ന് ദേഷ്യം വരും. കോലി എന്ന വ്യക്തിയെ എനിക്ക് ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇത്തരത്തില്‍ പ്രകോപിതനായി കളിക്കുന്നതുകൊണ്ടാകും അദ്ദേഹത്തിന് നല്ല പ്രകടനം കാഴ്ച്ചവെക്കാന്‍ തോന്നുന്നത്. 

എന്നാല്‍ ഈ പെരുമാറ്റം ഒട്ടുംതന്നെ പക്വതയില്ലാത്തതാണ്. ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ അദ്ദേഹം ഒരുപാട് ഉയരത്തില്‍ എത്തിയ വ്യക്തിയാണ്. പക്ഷേ പ്രകോപനം താങ്ങാനുള്ള ശേഷി ഇല്ലെന്ന് മാത്രം'. റബാദെ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ കോലിയില്‍ നിന്ന് വ്യത്യസ്തനാണ് താനെന്നും റബാദെ അഭിമുഖത്തില്‍ പറയുന്നുണ്ട്.  ഞാന്‍ മത്സരത്തിലെ പദ്ധതികളെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ആരെങ്കിലും പ്രകോപിപ്പിച്ചാല്‍ പ്രകടനം മെച്ചപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുക. എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍ അടുത്ത പന്തില്‍ ഞാന്‍ സിക്‌സ് അടിക്കും എന്നു എന്നോടുവന്നു പറഞ്ഞാല്‍ ആ പന്ത് നന്നായി ചെയ്യാനാകും എന്റെ ശ്രമം. റബാദെ കൂട്ടിച്ചേര്‍ത്തു. 

Content Highlights: South African Bowler Kagiso Rabada on Virat Kohli