കേപ് ടൗണ്‍: ഡെയ്ല്‍ സ്റ്റെയ്‌നിനേയും ഹാഷിം അംലയേയും ഉള്‍പ്പെടുത്തി ലോകകപ്പിനുള്ള പതിനഞ്ചംഗ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ടീമില്‍ ഇമ്രാന്‍ താഹിര്‍, ക്വിന്റണ്‍ ഡികോക്ക്, കാഗിസോ റബാദെ, ജെപി ഡുമിനി എന്നിവരും ഇടം നേടി.

ഹോം ഗ്രൗണ്ടില്‍ നടന്ന ഏകദിന പരമ്പരയില്‍ ശ്രീലങ്കയെ 5-0ത്തിന് തൂത്തുവാരിയതിന്റെ ആത്മവിശ്വാസവുമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. അതിനു ശേഷം പാകിസ്താനെ 3-2നും ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചു. 

ഓപ്പറായ സീനിയര്‍ താരം അംലയുടെ ഫോം ആണ് ദക്ഷിണാഫ്രിക്കയെ അലട്ടുന്നത്. 2018-ല്‍ അംലയുടെ ബാറ്റിങ് ശരാശരി 28.63 ആണ്. എന്നാല്‍ ലോകകപ്പില്‍ അംല തിരിച്ചുവരവ് നടത്തുമെന്നാണ് ദക്ഷിണാഫ്രക്കയുടെ സെലക്ഷന്‍ ടീം പ്രതീക്ഷിക്കുന്നത്. 

ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ് നിര ശക്തമാണ്. ലുംഗി എന്ഡഗിഡി, കാഗിസൊ റബാദ, ഡെയ്ല്‍ സ്റ്റെയ്ന്‍, യുവതാരം ആന്റിച്ച് നോര്‍ജെ എന്നിവരടങ്ങുന്നതാണ് പേസ് നിര. ഇതില്‍ റബാദ ഐ.പി.എല്ലില്‍ മികച്ച ഫോമിലുമാണ്. ഓള്‍റൗണ്ടര്‍മാരായി ഡ്വെയ്ന്‍ പ്രിട്ടോറിയസും ഫെലുക്വായോയും ടീമിലുണ്ട്. സ്പിന്‍ ഡിപാര്‍ട്‌മെന്റില്‍ ഇമ്രാന്‍ താഹിറിനേയും ജെപി ഡുമിനിയേയും തബ്‌രീസ് ഷംസിയേയും ആണ് ദക്ഷിണാഫ്രിക്ക പരീക്ഷിക്കുക. ബാറ്റിങ്ങിന് ശക്തി പകരാന്‍ കൂടെ ഡേവിഡ് മില്ലറും ക്വിന്റണ്‍ ഡികോക്കും അണിനിരക്കും. 2015-ലെ സെമിഫൈനലിസ്റ്റുകളായ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരെയാണ്. മെയ് 30-ന് കെന്നിങ്ടണ്‍ ഓവലിലാണ് മത്സരം.

 

Content Highlights: South Africa announce 15-man squad, Hashim Amla, Dale Steyn included