ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ അവസാന ഓവറുകളിലെ എം.എസ് ധോനിയുടെ ബാറ്റിങ്ങിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. 

മത്സരത്തിന്റെ കമന്റേറ്ററായിരുന്നു ഗാംഗുലി. 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മത്സരത്തില്‍ 31 റണ്‍സിന്റെ തോല്‍വി വഴങ്ങിയിരുന്നു.

അവസാന അഞ്ച് ഓവറില്‍ ജയത്തിലേക്ക് 71 റണ്‍സ് വേണമെന്നിരിക്കെയാണ് ധോനി - ജാദവ് സഖ്യം സിംഗിളുകളും ഡോട്ട് ബോളുകളുമായി കാണികളുടെ ക്ഷമയെ പരീക്ഷിച്ചത്. 

കമന്റേറ്റര്‍മാര്‍ക്കും ഇത് ക്ഷമിക്കാനായില്ല. ഗാംഗുലിയും മുന്‍ ഇംഗ്ലണ്ട് താരം നാസര്‍ ഹുസൈനുമായിരുന്നു കമന്ററി ബോക്‌സില്‍. അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ബൗണ്ടറികള്‍ ആവശ്യമായ സമയത്ത് സിംഗിളുകള്‍ എടുക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. 

നിങ്ങള്‍ എന്നോട് ചോദിച്ചാലും സിംഗിളുകള്‍ എടുത്ത് കളിക്കുന്നതിന് യാതൊരു ന്യായീകരണവും തന്റെ പക്കലില്ലെന്നും ഗാംഗുലി പറഞ്ഞു. ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് 15 ആയി ഉയര്‍ന്നപ്പോഴും സിംഗിളുകള്‍ നേടുന്നതിലായിരുന്നു ധോനിയുടെ ശ്രദ്ധ.

നാസര്‍ ഹുസൈനും ഇന്ത്യയുടെ അവസാന ഓവറുകളിലെ ബാറ്റിങ്ങിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഈ കളി കണ്ട് ഇന്ത്യന്‍ ആരാധകര്‍ നിരാശരായെന്നും പലരും മൈതാനം വിട്ട് പോകുകയാണെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി.

Content Highlights: sourav ganguly criticising ms dhoni for slow innings