നോട്ടിങ്ഹാം: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നില്ല. ഇംഗ്ലണ്ടില്‍ തന്നെ തുടരുമെന്ന് ബി.സി.സി.ഐ വാര്‍ത്താ കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചു. 

ധവാന്‍ വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. അതേസമയം ധവാന് പകരം മറ്റൊരാളെ ടീമിലെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകണം വന്നിട്ടില്ല.

നേരത്തെ ധവാന്‍ നാട്ടിലേക്ക് മടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട് ധവാന്റെ ഇടതു കൈവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ധവാന്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. വിരല്‍ നീരുവന്ന് വീര്‍ക്കുകയും ചെയ്തു.

കൈവിരലില്‍ പൊട്ടലുണ്ടെന്ന് സ്‌കാനിങ്ങില്‍ തെളിഞ്ഞതോടെ ഡോക്ടര്‍മാര്‍ ഇന്ത്യന്‍ താരത്തിന് മൂന്നാഴ്ച്ച വിശ്രമം അനുവദിക്കുകയായിരുന്നു. 

Content Highlights: Shikhar Dhawan to Remain in England ICC World Cup 2019