ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. 

കഴിഞ്ഞ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരല്‍ നീരുവന്ന് വീര്‍ക്കുകയായിരുന്നു. ധവാനെ ഇന്ന് സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു.

ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന പേടിയിലാണ് ആരാധകര്‍. 

വ്യാഴാഴ്ച ന്യൂസീലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്തെ ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം കളത്തിലിറങ്ങിയത്.

ധവാന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ലോകേഷ് രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തെത്താനും സാധ്യതയുണ്ട്. വിജയ് ശങ്കറിനോ ദിനേഷ് കാര്‍ത്തിക്കിനോ അന്തിമ ടീമില്‍ അവസരം ലഭിക്കുകയും ചെയ്‌തേക്കും.

Content Highlights: shikhar dhawan likely to be ruled out of world cup for 3 weeks