ലണ്ടന്‍: കഴിഞ്ഞ ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തിനിടയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേല്‍ക്കുന്നത്. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ ബൗണ്‍സര്‍ ധവാന്റെ വിരലില്‍ ഇടിക്കുകയായിരുന്നു. താരത്തെ പിന്നീട് സ്‌കാനിങ്ങിന് വിധേയനാക്കിയതോടെയാണ് വിരലിന് പൊട്ടലുള്ള കാര്യം വ്യക്തമായത്. ഇതോടെ ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി താരം മൂന്നാഴ്ച പുറത്തിരിക്കേണ്ടിവരും. 

തുടക്കത്തില്‍ വിരലില്‍ നീരുമാത്രമാണെന്നാണ് കരുതിയത്. അതുകൊണ്ട് ടീം ഫിസിയോ ഐസ് ഉപയോഗിച്ചു. ഒപ്പം ചെറുതായി കെട്ടുകയും ചെയ്തു. എന്നാല്‍, വിരലിലെ നീര് കുറഞ്ഞില്ല. ഇതോടെ ധവാനെ എക്സറേയ്ക്ക് വിധേയനാക്കി. 

പൊട്ടലുണ്ടെങ്കിലും വിരല്‍ തെന്നിയിട്ടില്ല. ഈ പൊട്ടലിന് ശസ്ത്രക്രിയ വേണ്ട എന്നതാണ് പ്രത്യേകത. എന്നാല്‍, പ്ലാസ്റ്റര്‍ വേണം. മൂന്ന് ആഴ്ച ചുരുങ്ങിയത് വിശ്രമം വേണ്ടിവരും. അതിനുശേഷം നാല് ആഴ്ചയെങ്കിലും ഫിസിയോ തെറാപ്പിയും ചെയ്യേണ്ടിവരും. 

ബാറ്റുചെയ്യുമ്പോള്‍ ഗ്രിപ്പ് കിട്ടില്ല എന്നതുകൊണ്ടുതന്നെ ധവാന്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ സാധ്യത കുറവാണ് - ഡോ. ഷിബു വര്‍ഗീസ് (ഓര്‍ത്തോപീഡിക് സ്‌പോര്‍ട്സ് സര്‍ജന്‍). 

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറിയോടെ ധവാന്‍ ഫോം തെളിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരിക്ക് വില്ലനാകുന്നത്. 

ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം കളത്തിലിറങ്ങിയത്.

Content Highlights: shikhar dhawan injury details