ലണ്ടന്‍: കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഡോക്ടര്‍മാര്‍ മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. 

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സെഞ്ചുറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയ ധവാന്‍ പരിക്കേറ്റ് പുറത്തിരിക്കുന്നത് ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇക്കാരണത്താല്‍ തന്നെ ധവാനെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 

എന്നാല്‍ ടീമില്‍ തിരിച്ചെത്തിയാലും ഫീല്‍ഡ് ചെയ്യാന്‍ ധവാന് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഇന്ത്യയുടെ ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധറിന്റെ നിരീക്ഷണം. ഇടംകൈയന്‍ ബാറ്റ്‌സ്മാനാണെങ്കിലും ധവാന്‍ ഒരു നാച്ചുറല്‍ റൈറ്റ് ഹാന്‍ഡറാണ്. ഇക്കാരണത്താല്‍ തന്നെ ഇടതു കൈക്ക് പരിക്കേറ്റത് ധവാന് ബാറ്റിങ്ങിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. 

ഫീല്‍ഡില്‍ പന്തെറിയുന്നതിന് ധവാന് പ്രശ്‌നമുണ്ടാകില്ല. പക്ഷേ പന്ത് പിടിക്കാന്‍ പ്രയാസമുണ്ടാകും. പ്രത്യേകിച്ചും ധവാന്‍ ഒരു സ്ലിപ്പ് ഫീല്‍ഡര്‍ ആയതിനാല്‍. മത്സരത്തിന്റെ തുടക്കത്തില്‍ സ്ലിപ്പിലാണ് ധവാന്‍ സാധാരണ ഫീല്‍ഡ് ചെയ്യാറ്. 

വേഗത്തില്‍ പന്തെത്തുന്ന സ്ഥലങ്ങളിലെ ഫീല്‍ഡിങ് ധവാന്റെ പരിക്ക് വഷളാകാന്‍ കാരണമാകുമെന്നും ശ്രീധര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താല്‍ തന്നെ തുടക്കത്തില്‍ കനം കുറഞ്ഞ പന്തുകളിലാകും ധവാന് പരിശീലനം നല്‍കുക. പിന്നീട് പതിയെ സാധാരണ പന്തിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: shikhar dhawan could struggle in slips india fielding coach