മുംബൈ:  ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി ഇക്കുറി നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യ സ്വന്തമാക്കുമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍. മുംബൈയില്‍ തെണ്ടുല്‍ക്കര്‍ മിഡില്‍സെക്‌സ് ഗ്ലോബല്‍ ക്രിക്കറ്റ് അക്കാദമിയിലെ ക്യാമ്പ് ഉദ്ഘാടനം ചെയ്യവേയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസതാരം പ്രതീക്ഷ പങ്കിട്ടത്.

ചൂടുള്ള കാലാവസ്ഥയാകും ഇംഗ്ലണ്ടില്‍. ബാറ്റിങ്ങിന് അനുയോജ്യമായി വിക്കറ്റുകളായിരിക്കും. ഇംഗ്ലണ്ടിലെ പിച്ചുകള്‍ പൊതുവേ പേസ് ബൗളര്‍മാരെ തുണയ്ക്കാറുണ്ടെങ്കിലും ബാറ്റ്സ്മാന്‍മാര്‍ വലിയ വെല്ലുവിളി നേരിടുമെന്ന് തോന്നുന്നില്ല. വിരാട് കോലി, ലോകേഷ് രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ ഐ.പി.എല്ലില്‍ അത്യുജ്ജ്വല ഫോമില്‍ ബാറ്റുവീശുന്നത് ലോകകപ്പിലും ടീമിന് തുണയാകുമെന്നും സച്ചിന്‍ പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ അദ്ഭുതം കാട്ടുമെന്നാണ് ഇന്ത്യയുടെ മുന്‍ താരം യുവരാജ് സിങ്ങിന് പറയാനുള്ളത്. 

'ഈ ലോകകപ്പ് ബാറ്റുകൊണ്ടും പന്തുകൊണ്ടും പലതും തെളിയിക്കാനുള്ള അവസരമാണെന്ന് ഞാന്‍ ഹാര്‍ദിക്കിനോട് പറഞ്ഞിട്ടുണ്ട്. ഐ.പി.എല്ലില്‍ ഹാര്‍ദിക്കിന്റെ ബാറ്റിങ്ങിനെ ഒരു പ്രതിഭാസം എന്ന് വിശേഷിപ്പിക്കണം. ലോകകപ്പില്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാനാകണമെന്നു മാത്രം- യുവരാജ് പറഞ്ഞു. 

ഹാര്‍ദിക്കും യുവരാജും ഇക്കുറി ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് കളിക്കുന്നത്. ഇന്ത്യ കിരീടം നേടിയ 2011 ലോകകപ്പിലെ താരമായിരുന്നു യുവരാജ്.

Content Highlights: Sachin Tendulkar Yuvraj Singh to Hardik Pandya World Cup 2019