ലോഡ്‌സ്: ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോഡ് അടുത്ത നാല് വര്‍ഷത്തേക്ക് കൂടി സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ ഭദ്രം. ലോകകപ്പ് ഫൈനലില്‍ കളിച്ച ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനോ ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണിനോ ആ റെക്കോഡ് തകര്‍ക്കാനായില്ല. 

ഫൈനലില്‍ 125 റണ്‍സെടുത്തിരുന്നെങ്കില്‍ ജോ റൂട്ടിനും 126 റണ്‍സ് അടിച്ചിരുന്നെങ്കില്‍ കെയ്ന്‍ വില്ല്യംസണും ഈ റെക്കോഡ് മറികടക്കാമായിരുന്നു. എന്നാല്‍ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി വില്യംസണ്‍ 30 റണ്‍സെടുത്ത് പുറത്തായതോടെ പിന്നീട് എല്ലാ കണ്ണുകളും ജോ റൂട്ടിലായി. കീവീസ് പേസാക്രമണത്തിന് മുന്നില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെ കളിച്ച റൂട്ട് 30 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി. 

2003-ലെ ലോകകപ്പില്‍ സച്ചിന്‍ നേടിയത് 673 റണ്‍സാണ്. 648 റണ്‍സ് നേടിയ ഇന്ത്യയുടെ രോഹിത് ശര്‍മ്മയും  647 റണ്‍സടിച്ച ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും സെമിയില്‍ വീണതിനാല്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള സാധ്യത വില്ല്യംസണിലും റൂട്ടിലുമായി ചുരുങ്ങുകയായിരുന്നു. എന്നാല്‍ ഇരുവരും ഫൈനലില്‍ പരാജയമായി. 

പത്ത് മത്സരങ്ങളില്‍ 578 റണ്‍സടിച്ച വില്യംസണ്‍ ലോകകപ്പ് റണ്‍വേട്ടയില്‍ നാലാമതാണ്. 11 മത്സരങ്ങളില്‍ 556 റണ്‍സ് നേടിയ ജോ റൂട്ട് അഞ്ചാം സ്ഥാനത്തുണ്ട്. 648 റണ്‍സുമായി രോഹിത് ഒന്നാം സ്ഥാനത്തും 647 റണ്‍സുമായി വാര്‍ണര്‍ രണ്ടാം സ്ഥാനത്തുമാണ്. 606 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് മൂന്നാമത്.

Content Highlights: Sachin Tendulkar World Cup Record England vs New Zeland