ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ഇന്ത്യന്‍ ടീമിനൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കറുണ്ട്. അതും ഏകദിന ലോകകപ്പിനായി പ്രഖ്യാപിച്ച ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനൊപ്പം. നിഥിന്‍ സച്ചിനിസ്റ്റ് എന്ന കടുത്ത സച്ചിന്‍ ആരാധകനാണ് ഈ രഹസ്യം കണ്ടുപിടിച്ചത്.

ഇന്ത്യയുടെ പതിനഞ്ചംഗ ടീമിലെ ഓരോ താരത്തിന്റേയും പേരിന്റെ ഓരോ അക്ഷരമെടുത്ത് അതില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേര് കണ്ടെത്തിയിരിക്കുകയാണ് നിഥിന്‍. മിഡില്‍ സ്റ്റമ്പ് ക്രിക്കറ്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ച ഈ ചിത്രം നിരവധി പേരാണ് ലൈക്കും ഷെയറും ചെയ്തത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേര് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ 15 അക്ഷരങ്ങളാണുള്ളത്. ഇതില്‍ എം.എസ് ധോനിയുടെ പേരിലെ 'എസ്' വെച്ചാണ് നിഥിന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരിലെ ആദ്യ അക്ഷരം കണ്ടെത്തിയത്. അവസാന അക്ഷരമായ 'ആര്‍' കണ്ടെത്തിയിരിക്കുന്നത് കെ.എല്‍ രാഹുലില്‍ നിന്നാണ്. 

'ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കറുമുണ്ട്. കാരണം സച്ചിന്‍ ഇല്ലാതെ ക്രിക്കറ്റ് അപൂര്‍ണമാണ്.' ചിത്രത്തോടൊപ്പം ഇങ്ങനെ എഴുതിയിരിക്കുന്നു.

Content Highlights: Sachin Tendulkar Indian Team for World Cup 2019