മാഞ്ചെസ്റ്റര്‍:  ന്യൂസീലന്‍ഡിനെതിരായ സെമിഫൈനലില്‍ രവീന്ദ്ര ജഡേജയും എം.എസ് ധോനിയും ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചതാണ്. ജഡേജ അര്‍ധ സെഞ്ചുറി പൂര്‍ത്തിയായതോടെ ആ പ്രതീക്ഷ ഇരട്ടിച്ചു. എന്നാല്‍ ന്യൂസീലന്‍ഡിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഒന്നും വിലപ്പോയില്ല. 

39 പന്തില്‍ നിന്നാണ് ജഡേജ അമ്പത് റണ്‍സ് അടിച്ചത്. നിര്‍ണായക ഘട്ടത്തില്‍ ജഡു അവസരത്തിനൊത്തുയരുകയായിരുന്നു. സമ്മര്‍ദങ്ങളെ അതിജീവിച്ചായിരുന്നു ആ ഇന്നിങ്‌സ്. ഇത് ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലും ആവേശം പടര്‍ത്തി.

പോരാളിയെപ്പോലെ ബാറ്റു വാള്‍ പോലെ വായുവില്‍ വീശിയായിരുന്നു ജഡേയുടെ ആഘോഷം. ഇതോടെ ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലും ആവേശമുയര്‍ന്നു. തുടര്‍ച്ചയായി സെഞ്ചുറി നേടിയ ശേഷം നിര്‍ണായകമായ സെമി ഫൈനലില്‍ ഒരു റണ്ണിന് പുറത്തായി രോഹിത് ശര്‍മ്മയാണ് കൂടുതല്‍ ആവേശം കാണിച്ചത്. 

ജഡേജക്ക് നേരെ വിരല്‍ചൂണ്ടി മസില്‍ കാണിച്ച് നീ കരുത്തനാണ് എന്ന് വിളിച്ചുപറയുകയായിരുന്നു രോഹിത്. ഈ വീഡിയോ നിരവധി ആരാധകരാണ് പങ്കുവെച്ചത്. ആദ്യ മത്സരങ്ങളിലൊന്നും കളിക്കാതിരുന്ന ജഡേജ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ ജഡേജയെ ചെറുകിട താരം എന്നു വിളിച്ച് പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാമുള്ള മറുപടിയാണ് ജഡേജ സെമിഫൈനലിലെ ഇന്നിങ്‌സിലൂടെ നല്‍കിയത്. 

Content Highlights: Rohit Sharma Signal To Ravindra Jadeja During Spectacular Knock