ലണ്ടന്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായപ്പോള്‍ ആരാധകരുടെയെല്ലാം കണ്ണു നനയിച്ചൊരു ചിത്രമുണ്ടായിരുന്നു. നിരാശയും സങ്കടവും സഹിക്കാനാകാതെ നെറ്റിയില്‍ കൈ വെച്ച് കരഞ്ഞുകലങ്ങിയ കണ്ണുമായി ഡ്രസ്സിങ് റൂമില്‍ നില്‍ക്കുന്ന രോഹിത് ശര്‍മ്മയുടെ ചിത്രം. തുടര്‍ച്ചയായ സെഞ്ചുറികളുമായി ടീമിന്റെ നട്ടെല്ലായി മാറിയ രോഹിതിന് പക്ഷേ സെമിയില്‍ ഒരൊറ്റ റണ്‍ മാത്രമേ കണ്ടെത്താനായുള്ളു. 

ഈ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ പരാജയം ഏറ്റുപറഞ്ഞ് രോഹിത് ശര്‍മ്മ ട്വീറ്റ് ചെയ്തു. 'ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ആ 30 മിനിറ്റിലെ മോശം കളി ഇന്ത്യയില്‍ നിന്ന് ലോകകപ്പ് തട്ടിയെടുത്തു. എന്റെ ഹൃദയം സങ്കടത്താല്‍ നിറഞ്ഞിരിക്കുകയാണ്. നിങ്ങളുടേതും അങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. കളി ഇന്ത്യയില്‍ അല്ലാതിരുന്നിട്ടുപോലും അവിശ്വസനീയമായ പിന്തുണയാണ് നിങ്ങള്‍ തന്നത്. ഞങ്ങള്‍ കളിച്ച ഗ്രൗണ്ടുകളിലെല്ലാം നിങ്ങള്‍ നീലക്കടലുണ്ടാക്കി. ഒരുപാട് നന്ദി.' രോഹിത് ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റിന് പിന്നാലെ ഇന്ത്യയുടെ ഉപനായകന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. അഞ്ച് സെഞ്ചുറിയുള്‍പ്പെടെ 648 റണ്‍സാണ് രോഹിത് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ്മ നല്‍കിയ അടിത്തറയാണ് പലപ്പോഴും ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഇന്ത്യ ഒന്നാമതായി സെമിയിലെത്തിയതിലും രോഹിതിന്റെ ഈ പ്രകടനം നിര്‍ണായകമായി. അതുകൊണ്ട് രോഹിത് സങ്കടപ്പെടരുതെന്നും യഥാര്‍ത്ഥ ചാമ്പ്യനാണെന്നും ആരാധകര്‍ പറയുന്നു.

 

Content Highlights: Rohit Sharma emotional tweet Cricket World Cup 2019 India vs New Zealand