ലണ്ടന്‍: ഒന്നര മാസത്തോളം നീണ്ട ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. 

ന്യൂസീലന്‍ഡിനെ രണ്ടു തവണ ലോകകപ്പ് ഫൈനലിലെത്തിച്ച കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ ഇന്ത്യയില്‍ നിന്ന് ഓപ്പണര്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ടീമില്‍ ഇടംലഭിച്ചില്ലെന്നത് ശ്രദ്ധേയമായി. നാല് ഇംഗ്ലീഷ് താരങ്ങളും ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടു താരങ്ങള്‍ വീതവും ഒരു ബംഗ്ലാദേശ് താരവുമാണ് ടീമിലുള്ളത്. 

ലോകകപ്പില്‍ 443 റണ്‍സെടുത്ത ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയിയാണ് രോഹിത്തിന്റെ സഹ ഓപ്പണര്‍. 648 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായിരുന്നു രോഹിത്.

ടൂര്‍ണമെന്റില്‍ 556 റണ്‍സടിച്ച ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് നാലാമന്‍. 606 റണ്‍സും 11 വിക്കറ്റും വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസന്‍ അഞ്ചാമനാണ്. ഫൈനലിലെ താരമായ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്‌സ് ആറാമനായെത്തുമ്പോള്‍ ജോസ് ബട്ട്‌ലറെയും എം.എസ് ധോനിയേയും പിന്തള്ളി ഓസ്‌ട്രേലിയയുടെ അലക്‌സ് കാരി വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. ടൂര്‍ണമെന്റിലെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 375 റണ്‍സാണ് കാരിയുടെ സമ്പാദ്യം. 

27 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ന്യൂസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ബുംറയെ കൂടാതെ ടീമിലുള്ള ബൗളര്‍മാര്‍. കിവീസിന്റെ ട്രെന്റ് ബോള്‍ട്ടാണ് ടീമിലെ പന്ത്രണ്ടാമന്‍.

ഐ.സി.സിയുടെ ലോകകപ്പ് 2019 ഇലവന്‍: രോഹിത് ശര്‍മ, ജേസണ്‍ റോയ്, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ജോ റൂട്ട്, ഷാക്കിബ് അല്‍ ഹസന്‍, ബെന്‍ സ്റ്റോക്ക്‌സ്, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ലോക്കി ഫെര്‍ഗൂസന്‍, ജസ്പ്രീത് ബുംറ. പന്ത്രണ്ടാമന്‍ - ട്രെന്റ് ബോള്‍ട്ട്.

Content Highlights: rohit bumrah icc team of tournament world cup 2019