ന്യൂഡല്‍ഹി: ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്. 

ബുധനാഴ്ച പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ധവാന്റെ പകരക്കാരനായി പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരാന്‍ ബി.സി.സി.ഐ താരത്തോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

ജൂണ്‍ 13-ന് നോട്ടിങ്ങാമില്‍ കിവീസിനെതിരായ ഇന്ത്യയുടെ മത്സരത്തിനു മുന്‍പ് പന്ത് ടീമിനൊപ്പം ചേരും. ടീമിന്റെ ഔദ്യോഗിക കിറ്റ് അടക്കമുള്ള എല്ലാ കാര്യങ്ങളും കഴിഞ്ഞ  ദിവസം തന്നെ ഡല്‍ഹിയിലെ പന്തിന്റെ വസതിയില്‍ എത്തിച്ചിരുന്നു. 
 
എന്നാല്‍ പതിനഞ്ചംഗ ഇന്ത്യന്‍ സംഘത്തില്‍ പന്ത് ഉള്‍പ്പെടില്ല. ഒരാഴ്ച ധവാന്റെ പരിക്ക് നിരീക്ഷിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ഇത് വിലയിരുത്തിയാകും പന്തിനെ പകരക്കാരനായി പ്രഖ്യാപിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച തീരുമാനമുണ്ടാകൂ.

ഇനി ധവാന് ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരക്കാരനാകേണ്ട പന്തിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് നേരത്തെ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നു.

നേരത്തെ ഓസ്‌ട്രേലിയയ്ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ കോള്‍ട്ടര്‍ നൈലിന്റെ പന്തുകൊണ്ടാണ് ധവാന്റെ വിരലിന് പരിക്കേറ്റത്. ഇടതു കൈപ്പത്തിയുടെ പിന്നില്‍ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലാണ് പൊട്ടലുള്ളത്. സ്‌കാനിങ്ങില്‍ ധവാന്റെ കൈവിരലിനു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Content Highlights: rishabh pant to fly out as standby for shikhar dhawan