ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ ഒരു ടീമിനെതിരേ ഏറ്റവും വേഗം 2000 റണ്‍സ് തികയ്ക്കുന്ന താരമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. സച്ചിന്‍ തെണ്ടുല്‍ക്കറെ പിന്നിലാക്കിയാണ് രോഹിതിന്റെ നേട്ടം. ഓസ്ട്രേലിയക്കെതിരേ 37 ഇന്നിങ്സിലാണ് രോഹിത് 2000 തികച്ചത്. 40 ഇന്നിങ്സില്‍ ഓസ്ട്രേലിയക്കെതിരേ 2000 റണ്‍സ് നേടിയ സച്ചിനായിരുന്നു ഈ റെക്കോഡ്. ശ്രീലങ്കയ്‌ക്കെതിരേ 44 ഇന്നിങ്സില്‍ ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മൂന്നാമത്. വിവിയന്‍ റിച്ചാര്‍ഡ്സ്, മഹേന്ദ്ര സിങ് ധോനി എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളില്‍.

ഓസ്ട്രേലിയക്കെതിരേ 2000 തികയ്ക്കുന്ന നാലാമത്തെ മാത്രം താരമാണ് രോഹിത്. സച്ചിന്‍, റിച്ചാര്‍ഡ്സ് എന്നിവര്‍ക്ക് പുറമെ, വിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സിനും 2000 റണ്‍സുണ്ട്.

ടീമെന്ന നിലയിലും ഇന്ത്യ റെക്കോഡ് സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ ലോകകപ്പില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറാണ് ഓവലില്‍ പിറന്നത്. 289 റണ്‍സ് പിന്നിട്ടപ്പോഴാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. 1987 ലോകകപ്പില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന്‍ ഇത്രയും റണ്‍സ് നേടിയിരുന്നത്. അന്ന് ഡല്‍ഹിയിലായിരുന്നു മത്സരം.

കൂടാതെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ടീമായും ഇന്ത്യ മാറി. ശിഖര്‍ ധവാന്‍ സെഞ്ചുറി അടിച്ചതോടെയാണിത്. ഇന്ത്യന്‍ ടീമിന്റെ ലോകകപ്പിലെ 28-ാം സെഞ്ചുറി ആണിത്. 27 സെഞ്ചുറിയുള്ള ഓസ്‌ട്രേലയുടെ റെക്കോഡാണ് ഇന്ത്യ മറികടന്നത്. 23 സെഞ്ചുറി നേടിയ ശ്രീലങ്കയാണ് മൂന്നാമത്. ലോകകപ്പില്‍ ധവാന്റെ മൂന്നാം സെഞ്ചുറിയാണിത്.

Content Highlights: Records Of India World Cup Rohit Sharma Shikhar Dhawan