പ്പോഴും യോദ്ധാവെന്ന് അറിയപ്പെടാനാണ് രവീന്ദ്ര ജഡേജയ്ക്ക് ഇഷ്ടം. ജഡ്ഡുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ അതു മനസ്സിലാകും. കളിക്കളത്തിലും എങ്ങനെ ഒരു പോരാളിയാകണമെന്ന് ജഡേജ കഴിഞ്ഞ ദിവസം കാണിച്ചുതന്നു.

യുദ്ധക്കളത്തില്‍ തോല്‍വി മുന്നില്‍ കാണുന്ന സമയത്ത് എതിരാളികളുടെ തല അരിഞ്ഞു വീഴ്ത്തുന്ന യോദ്ധാവിനെപ്പോലെ ന്യൂസീലൻഡിനെതിരേ ജഡേജ ബാറ്റ് കൈയിലെടുത്തു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഓരോ നിമിഷവും വളരെ ശ്രദ്ധിച്ച് ബാറ്റു ചെയ്തു. ഒടുവില്‍ 39 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ഇന്ത്യയുടെ ഡ്രസ്സിങ് റൂമും കളി കാണുന്ന ആരാധകരും ഒന്നു ആശ്വസിച്ച നിമിഷമായിരുന്നു അത്. വിജയത്തിലേക്ക് പ്രതീക്ഷയോടെ നോക്കിയ നിമിഷം. വാളു പോലെ ബാറ്റ് വായുവില്‍ ചുഴറ്റിയായിരുന്നു ഈ ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ ആഘോഷം. എല്ലാവരും എഴുന്നേറ്റു നിന്ന് കൈയടിച്ച് ആ ആഘോഷത്തെ ബഹുമാനിച്ചു.

എന്നിരുന്നാലും ആ പോരാട്ടം വിജയത്തിലേക്ക് മാറ്റിയെഴുതാന്‍ ജഡേജക്ക് കഴിഞ്ഞില്ല. അതിനു മുമ്പേ വീണുപോയി. ആ നിമിഷത്തില്‍ ജഡേജയുടെ മനസ്സിലൂടെ എന്തെല്ലാം കടന്നുപോയിരിക്കാം?  കടുത്ത നിരാശ തോന്നിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ഈ നിരാശയേയെല്ലാം മായ്ച്ചുകളയാനുള്ള ആത്മവിശ്വാസവും അഭിനന്ദനവുമാണ് മത്സരശേഷം ആരാധകര്‍ ജഡേജയ്ക്ക് നല്‍കിയത്. ജഡ്ഡുവിനെ അഭിനന്ദിച്ചുള്ള ട്വീറ്റുകളായിരുന്നു സോഷ്യല്‍ മീഡിയ നിറയെ.

ഇതിനെല്ലാം നന്ദി പറഞ്ഞ് ജഡേജ ട്വീറ്റ് ചെയ്തു. 'ഓരോ വീഴ്ച്ചയിലും തളരാതെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന പാഠം എന്നെ പഠിപ്പിച്ചത് സ്‌പോര്‍ട്‌സ് ആണ്. എല്ലാതരത്തിലും എനിക്ക് പ്രചോദനമായ എന്റെ ആരാധകരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും നന്ദി. എന്നെ പ്രചോദിപ്പിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കുക. അവസാന ശ്വാസം വരെ ഞാന്‍ എന്റെ മികച്ച പ്രകടനം പുറത്തെടുക്കും. എല്ലാവരോടും സ്‌നേഹം.'

 

Content Highlights: Ravindra Jadeja India vs New Zealand World Cup Semi Final World Cup 2019