മാഞ്ചെസ്റ്റര്‍: ഋഷഭ് പന്ത് പുറത്തായപ്പോള്‍ കോച്ച് രവി ശാസ്ത്രിയുടെ അടുത്തുവന്ന് വിരാട്‌ കോലി പറഞ്ഞത് എന്തായിരിക്കും? ഇതിന് പിന്നിലെ കാരണം തേടി അലയുകയാണ് സോഷ്യല്‍ മീഡിയ. ഹാര്‍ദിക് പാണ്ഡ്യയുമായി മികച്ച കൂട്ടുകെട്ടുമായി മുന്നേറവെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയായിരുന്നു ഋഷഭ് പന്ത്. 

മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ ഋഷഭിന് കോളിന്‍ ഗ്രാന്ദ്‌ഹോം ക്യാച്ച് ചെയ്യുകയായിരുന്നു. ഈ ഔട്ടിന് പിന്നാലെ കോലി രവി ശാസ്ത്രിയുടെ അടുത്തെത്തി. നിങ്ങള്‍ എന്താണ് പറയുന്നത് എന്ന രീതിയില്‍ രവി ശാസ്ത്രിയോട് തര്‍ക്കിച്ചു. ഇതെല്ലാം വീഡിയോയില്‍ കാണാം. 

ആ സമയത്ത് ഋഷഭ് പന്തിനെ ഇറക്കിയത് രവി ശാസ്ത്രിയുടെ തീരുമാനമായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതായിരിക്കാം ഋഷഭ് പുറത്തായപ്പോള്‍ രവി ശാസ്ത്രിയോട് കോലി ദേഷ്യപ്പെട്ട് സംസാരിച്ചതെന്നും ആരാധകര്‍ പറയുന്നു. 

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോലി ഋഷഭ് പന്തിനെ കുറിച്ചുള്ള ചോദ്യം നേരിട്ടു. 'ആ സമ്മര്‍ദ്ദമേറിയ സാഹചര്യം മറികടക്കാന്‍ ഋഷഭിനെപ്പോലെ ഒരു യുവതാരം നന്നായി പരിശ്രമിച്ചു. അവന്‍ കഴിവുള്ള താരം തന്നെയാണ്. പക്ഷേ ചില ഷോട്ടുകളില്‍ മാത്രം പാളിപ്പോയി. ഇതേ പ്രായത്തില്‍ എനിക്കും പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്. കാലം മുന്നോട്ടു പോകുമ്പോള്‍ അവന്‍ എല്ലാം തിരിച്ചറിയും. അതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ.' ഇതായിരുന്നു കോലിയുടെ പ്രതികരണം.

Content Highlights: Ravi Shastri and Virat Kohli Argue After Rishabh Pant’s Dismissal