മാഞ്ചെസ്റ്റര്‍: ഇംഗ്ലണ്ടിനായി ബാറ്റെടുത്ത മിക്ക താരങ്ങളും അടിച്ചു തകര്‍ത്തപ്പോള്‍ അഫ്ഗാനിസ്താന്റെ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന് നാണക്കേടിന്റെ റെക്കോഡ്. 

ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ് ഇനി റാഷിദിന്റെ പേരിലാണ്. ഒമ്പത് ഓവറില്‍ 110 റണ്‍സ് വഴങ്ങിയ റാഷിദ്, ലോകകപ്പില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബൗളറായി.

തന്റെ വേരിയേഷനുകള്‍ കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാറുള്ള റാഷിദിന് പക്ഷേ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കു മുന്നില്‍ മറുപടിയുണ്ടായിരുന്നില്ല. 

1983-ലെ ലോകകപ്പില്‍ 12 ഓവറില്‍ 105 റണ്‍സ് വഴങ്ങിയ ന്യൂസീലന്‍ഡ് താരം മാര്‍ട്ടിന്‍ സ്‌നെഡന്റെ പേരിലായിരുന്നു ഇതുവരെ ഈ നാണക്കേടിന്റെ റെക്കോഡ്. 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സിഡ്‌നിയില്‍ 104 റണ്‍സ് വഴങ്ങിയ വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡറാണ് മൂന്നാം സ്ഥാനത്ത്.  

അതേസമയം ഏകദിന ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന നാണക്കേടില്‍ നിന്ന് റാഷിദ് രക്ഷപ്പെട്ടത് വെറും മൂന്നു റണ്‍സിനാണ്. 2006-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ഓസീസ് താരം മൈക്കല്‍ ലൂയിസിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. 2016-ല്‍ പാകിസ്താന്‍ താരം വഹാബ് റിയാസ് ഇംഗ്ലണ്ടിനെതിരേ 10 ഓവറില്‍ 110 റണ്‍സ് വഴങ്ങിയിട്ടുണ്ട്. റാഷിദ് പക്ഷേ ഒമ്പത് ഓവറിലാണ് 110 റണ്‍സ് വഴങ്ങിയത്.

71 പന്തില്‍ നിന്ന് 148 റണ്‍സെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനാണ് അഫ്ഗാന്‍ ബൗളര്‍മാരെ നിലംപരിശാക്കിയത്. ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള നാലാമത്തെ സെഞ്ചുറിയാണ് അഫ്ഗാനെതിരേ മോര്‍ഗന്‍ നേടിയത്. 

17 സിക്‌സറുകളോടെ ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന നേട്ടവും മോര്‍ഗന്‍ സ്വന്തമാക്കി.

Content Highlights: rashid khan worst figures in icc world cup history