ലണ്ടന്‍: അഫ്ഗാനിസ്താന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നായിബുമായി തനിക്ക് പ്രശ്‌നമില്ലെന്ന് സ്പിന്നര്‍ റാഷിദ് ഖാന്‍. ലോകകപ്പിന് മുമ്പാണ് അസ്ഗര്‍ അഫ്ഗാനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി ഗുല്‍ബാദിന് ചുമതല നല്‍കിയത്. ഇതിനെതിരേ റാഷിദും മുഹമ്മദ് നബിയുമടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് റാഷിദും ഗുല്‍ബാദിനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്.

''ഗുല്‍ബാദിനുമായുള്ള ബന്ധത്തില്‍ ഒരു പ്രശ്‌നവുമില്ല. അസ്ഗറിനെ എങ്ങനെ ഞാന്‍ പിന്തുണച്ചോ അങ്ങനെത്തന്നെ ഗുല്‍ബാദിനെയും പിന്തുണയ്ക്കുന്നുണ്ട്. ഗ്രൗണ്ടില്‍ അസ്ഗറിന് 50 ശതമാനം പിന്തുണയേ നല്‍കിയിട്ടുള്ളതെങ്കില്‍ ഗുല്‍ബാദിന് ഞാന്‍ 100 ശതമാനം നല്‍കുന്നുണ്ട്'- റാഷിദ് പറഞ്ഞു.

ലോകകപ്പില്‍ മോശം ഫോമിലുള്ള റാഷിദ് ഇംഗ്ലണ്ടിനെതിരേ നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഒമ്പത് ഓവറെറിഞ്ഞ താരം 110 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും കിട്ടിയതുമില്ല. ലോകകപ്പില്‍ ഒരു ബൗളറുടെ മോശം പ്രകടനമാണിത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് റാഷിദ്.

Content Highlights: Rashid Khan on Gulbadin Naib and Afghanistan cricket board