മുംബൈ: ഏകദിന ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അമ്പാട്ടി റായുഡുവിന്റെ പേര് ആ പട്ടികയിലുണ്ടായിരുന്നില്ല. മികച്ച ഫോമിലായിട്ടും റായുഡുവിനെ ഒഴിവാക്കിയതില്‍ ആരാധകരും മുന്‍താരങ്ങളും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തന്റെ നിരാശ വ്യക്തമാക്കി റായുഡു ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഈ ലോകകപ്പ് കാണാന്‍ ഒരു സെറ്റ് ത്രീ ഡി കണ്ണട ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്നായിരുന്നു റായുഡുവിന്റെ ട്വീറ്റ്. തന്നെ പുറത്താക്കി പകരം ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് അവസരം നല്‍കിയ സെലക്ടര്‍മാരെ പരിഹസിച്ചായിരുന്നു ഈ ട്വീറ്റ്. വിജയ് ശങ്കര്‍ ത്രീ ഡയമെന്‍ഷന്‍ ഉള്ള കളിക്കാരനായതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന സെലക്ടര്‍മാരുടെ വിശദീകരണത്തെ പരിഹസിച്ചായിരുന്നു റായുഡുവിന്റെ ഈ ട്വീറ്റ്. ഏതായാലും ഇതിന് പിന്നാലെ റായുഡു ഇംഗ്ലണ്ട് ലോകകപ്പിനുള്ള പകരക്കാരുടെ പട്ടികയില്‍ ഇടം നേടി. 

റായുഡുവിന്റെ ഈ ട്വീറ്റ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആദ്യം ഈ ട്വീറ്റ് ഹാര്‍ദിക് പാണ്ഡ്യ ലൈക്ക് ചെയ്യുകയായിരുന്നു. നിലവില്‍ ലോകകപ്പ് ടീമംഗമാണ് പാണ്ഡ്യ. റായുഡുവിനെ പുറത്താക്കിയതില്‍ ടീമിലുള്ളവര്‍ക്ക് തന്നെ എതിര്‍പ്പുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ ലൈക്ക്. 

ഇതിന് പിന്നാലെ ഇന്ത്യയുടെ ഇടങ്കയ്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും റായുഡുവിന്റെ ഈ ട്വീറ്റിന് പിന്തുണയുമായെത്തി. ഹൈദരാബാദ് ക്രിക്കറ്റ് താരങ്ങളെ മാത്രം ടീമില്‍ നിന്ന് ഒഴിവാക്കുന്നത് പരിഹസിച്ചായിരുന്നു ഓജയുടെ ട്വീറ്റ്. 

'ഹൈദരാബാദില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമുള്ള കൗതുകകരമായ ഒരു കാര്യം...ഞാനും സമാനമായ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഈ കണ്ണിറുക്കല്‍ എനിക്ക് മനസ്സിലാകും.' ഓജ ട്വീറ്റില്‍ പറയുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഓജയും ഹൈദരാബാദിന് വേണ്ടിയാണ് കളിച്ചിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ഫോമില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഓജ തഴയപ്പെടുകയായിരുന്നു. മുംബൈയില്‍ സച്ചിന്റെ വിട വാങ്ങല്‍ ടെസ്റ്റില്‍ ഓജയായിരുന്നു കളിയിലെ താരം. അന്ന് വിന്‍ഡീസിനെതിരേ 10 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 24 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റും സ്പിന്നറുടെ അക്കൗണ്ടിലുണ്ട്.  

 

 

Content Highlights:  Pragyan Ojha posts cryptic tweet on Ambati Rayudu’s exclusion from World Cup squad