ക്രിക്കറ്റ് ലോകകപ്പില്‍ ടീം സ്‌കോര്‍ അഞ്ഞൂറിന് മുകളിലെത്തും എന്നയിരുന്നു ക്രിക്കറ്റ് പണ്ഡിതരുടെയും ആരാധകരുടെയും കണക്കൂകൂട്ടല്‍. അതിനെത്തുടര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് പരിഷ്‌കരിക്കുക പോലും ചെയ്തിരുന്നു. പാകിസ്താനും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ മോശമല്ലാത്ത റണ്‍സ് ഏവരും പ്രതീക്ഷിച്ചു. മത്സരത്തില്‍ പക്ഷേ കുറഞ്ഞ സ്‌കോറില്‍ പാകിസ്താന്‍ പുറത്തായിരിക്കുകയാണ്. വെസ്റ്റിന്‍ഡീസ് 21.4 ഓവറില്‍ 105 റണ്‍സിന് പാകിസ്താനെ പിടിച്ചുകെട്ടി. 

ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ രണ്ടാമത്തെ ഏറ്റവും ചെറിയ സ്‌കോറാണ് പാകിസ്താന്‍ ഇന്ന് കുറിച്ചത്. 1992 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 72 റണ്‍സാണ് പാകിസ്താന്റെ ഏറ്റവും കുറഞ്ഞ ലോകകപ്പ് സ്‌കോര്‍. 

വെസ്റ്റിഡീസിനെതിരെ ഇന്നത്തെ മത്സരത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ട് തവണയെ പാകിസ്താന്‍ 22 ഓവറിനുള്ളില്‍ പുറത്തായിട്ടുള്ളൂ. അത് രണ്ടും വെസ്റ്റിഡീസിനെതിരെയാണ് എന്നുള്ളതാണ് കൗതുകം. അതില്‍ ഒന്ന് ഇന്നത്തെ മത്സരത്തിലാണ്. മറ്റൊന്ന് 1993ലും അന്ന് 19.5 ഓവറില്‍ 43 റണ്‍സിന് പാകിസ്താന്‍ പുറത്തായി. പാകിസ്താന്റെ ഏകദിനത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറുമാണ് അത്.

Content Highlights: Cricket World Cup 2019, pakistan vs west indies