ന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിച്ച് പാക് ടെലിവിഷനില്‍ വന്ന പരസ്യം വിവാദമാകുന്നു. ലോകകപ്പ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ജാസ് ടിവിയിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി സംപ്രേക്ഷണം ചെയ്ത പരസ്യമാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ക്ക് മുമ്പ് ടെലിവിഷനുകളില്‍ പരസ്പരം പരിഹസിക്കുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ഇത് അതിരുകടന്നെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ ഉത്തരം നല്‍കിയത്. ഈ വീഡിയോയുടെ അനുകരണമാണ് പാക് ടിവിയില്‍ പ്രത്യക്ഷപ്പെട്ട പരസ്യം. പക്ഷേ ഇത് അങ്ങേയറ്റം പരിഹസിക്കുന്ന രീതിയിലുള്ളതാണ്. 

അഭിനന്ദനെപ്പോലെ തോന്നിക്കുന്ന, അതുപോലെ മീശയുള്ള ഒരാളാണ് പരസ്യത്തിലുള്ളത്. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യന്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും 'ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് എനിക്ക് വെളിപ്പെടുത്താനാവില്ല' എന്നാണ് ഇയാള്‍ മറുപടി നല്‍കുന്നത്. 

പാകിസ്താന്‍ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തപ്പോള്‍ ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 'ക്ഷമിക്കണം, ഇതിനെക്കുറിച്ച് നിങ്ങളോട് പറയാന്‍ എനിക്കാവില്ല' എന്നാണ് പല ചോദ്യങ്ങള്‍ക്കും അഭിനന്ദന്‍ ഉത്തരം നല്‍കിയിരുന്നത്. ഇതേ ഉത്തരങ്ങള്‍ പരസ്യത്തിലും അനുകരിക്കുകയായിരുന്നു. 

അവസാനം ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് കൊള്ളാം എന്നും പരസ്യത്തിലെ ആള്‍ പറയുന്നു. പിന്നീട് ഇയാളെ പോകാന്‍ അനുവദിക്കുന്നു. രക്ഷപ്പെട്ട ആശ്വാസത്തില്‍ പുറത്തേക്ക് പോകാന്‍ ഒരുങ്ങുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി ചായക്കപ്പ് തിരികെ വാങ്ങുന്നതും പരസ്യത്തിലുണ്ട്. ചായക്കപ്പിനെ ലോകകപ്പായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഈ കപ്പ് നമുക്ക് നേടാം എന്ന ഹാഷ് ടാഗോടെ പരസ്യം പൂര്‍ണമാകുന്നു.

Content Highlights: Pakistan’s TV advertises the India Pakistan World Cup match with an Abhinandan spoof