കറാച്ചി: ഇടങ്കയ്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിറിനെ ഒഴിവാക്കി ലോകകപ്പിനുള്ള പാകിസ്താന്റെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. സര്‍ഫറാസ് അഹമ്മദിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്ന ടീമില്‍ സീനിയര്‍ താരം ഷുഐബ് മാലിക്ക് ഇടം നേടി. 

മൂന്ന് ഓപ്പണര്‍മാര്‍, നാല് മധ്യനിര ബാറ്റ്‌സ്മാന്മാര്‍, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, അഞ്ച് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്ന സ്‌ക്വാഡിനെയാണ് പാകിസ്താന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓപ്പണര്‍ ആബിദ് അലിയും യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഹസ്‌നെയ്‌നുമാണ് അപ്രതീക്ഷിതമായി ടീമിലെത്തിയ താരങ്ങള്‍. 

ആബിദ് അലി, ബാബര്‍ അസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് സുഹൈല്‍, ഹസന്‍ അലി, ഇമാദ് വസീം, ഇമാമുല്‍ ഹഖ്, ജുനൈദ് ഖാന്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്‌നയ്ന്‍, ശദാബ് ഖാന്‍, ശഹീന്‍ ശാ അഫ്രീദി എന്നിവരടങ്ങുന്നതാണ് ടീം. ഈ ടീമില്‍ മാറ്റം വരുത്താന്‍ മെയ് 23 വരെ സമയം ഉണ്ട്.

2017-ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ പാക് ടീമിലെ 11 താരങ്ങളെ സെലക്ഷന്‍ കമ്മിറ്റി നിലനിര്‍ത്തി. ആബിദ് അലി, ഇമാമുല്‍ ഹഖ്, മുഹമ്മദ് ഹസ്‌നയിന്‍, ഷഹീന്‍ അഫ്രീദി എന്നിവരാണ് ശേഷിക്കുന്ന നാല് പേര്‍.  മുന്‍ പാക് നായകന്‍ ഇന്‍സമാം ഉള്‍ ഹഖ് ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുത്ത്.

 

Content Highlights: Pakistan Announce 15-Man Squad, Mohammad Amir Left Out