ലോഡ്‌സ്: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണായകമായത് എന്തായിരുന്നു? ഈ ചോദ്യത്തിനുള്ള ആദ്യത്തെ ഉത്തരം അവസാന ഓവറില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് ലഭിച്ച ആ ആറ്‌ റണ്‍സെന്നാകും. ഗുപ്റ്റില്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്ന് എറിഞ്ഞ പന്ത് ബെന്‍ സ്റ്റോക്ക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി ലൈന്‍ കടക്കുകയായിരുന്നു. ഇതോടെ ആ പന്തില്‍ ഇംഗ്ലണ്ടിന് ആറു റണ്‍സ് ലഭിച്ചു.

എന്നാല്‍ ഐ.സി.സിയുടെ നിയമപ്രകാരം ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് അഞ്ചു റണ്‍സെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഓവര്‍ ത്രോയില്‍ ലഭിക്കുന്ന റണ്‍സുമായി ബന്ധപ്പെട്ട് ഐ.സി.സിയുടെ 19.8 നിയമത്തില്‍ പറയുന്നത് ഇങ്ങനെയാണ്. 'ഫീല്‍ഡറുടെ ഓവര്‍ ത്രോയില്‍ പന്ത് ബൗണ്ടറി ലൈന്‍ കടക്കുകയാണെങ്കില്‍ ആ ബൗണ്ടറി റണ്‍സ് അനുവദിക്കും. എന്നാല്‍ ആ ബൗണ്ടറിയോടൊപ്പം ഫീല്‍ഡര്‍ പന്ത് എറിയുമ്പോള്‍ ബാറ്റ്‌സ്മാന്‍ ഓടി പൂര്‍ത്തിയാക്കിയ റണ്‍സ് മാത്രമാണ് അനുവദിക്കുക. ആ ത്രോയുടെ സമയത്ത് ബാറ്റ്‌സ്മാന്‍ ക്രീസിലെത്തിയില്ലെങ്കില്‍ ആ റണ്‍ പരിഗണിക്കുകയില്ല.' 

ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് റണ്‍സാണ് അനുവദിക്കേണ്ടിയിരുന്നത്. കാരണം ഗുപ്റ്റില്‍ പന്ത് എറിയുമ്പോള്‍ സ്‌റ്റോക്ക്‌സും ആദില്‍ റഷീദും രണ്ടാം റണ്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഫീല്‍ഡ് അമ്പയര്‍ കുമാര്‍ ധര്‍മ്മസേന ഇംഗ്ലണ്ടിന് ആറു റണ്‍സ് കൊടുത്തു.

ആ സമയത്ത് ഓരോ റണ്ണും വിലപ്പെട്ടതായിരുന്നു. നാലാം പന്തില്‍ ആറു റണ്‍സ് ലഭിച്ചതോടെ ഇംഗ്ലണ്ടിന് വിജയിക്കാന്‍ രണ്ടു പന്തില്‍ മൂന്നു റണ്‍സ് എന്ന അവസ്ഥയിലെത്തി. അതല്ലെങ്കില്‍ രണ്ടു പന്തില്‍ ഇംഗ്ലണ്ട് നാല് റണ്‍സ് എടുക്കേണ്ടിയിരുന്നു. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. പ്രത്യേകിച്ച്‌ മത്സരം നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ സ്ഥിതിക്ക്. 

ഇതിന് പിന്നാലെ ന്യൂസീലന്‍ഡ് ആരാധകര്‍ ഐ.സി.സിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. സൂപ്പര്‍ ഓവര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിന് കിരീടം സമ്മാനിച്ചപ്പോള്‍ ഈ ഓവര്‍ ത്രോയുടെ നിയമം എന്തുകൊണ്ട് കണക്കിലെടുത്തില്ല എന്ന് ആരാധകര്‍ ചോദിക്കുന്നു. ഗ്രൗണ്ടില്‍ നില്‍ക്കുന്ന അമ്പയര്‍മാര്‍ക്ക് പോലും നിയമം അറിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 Content Highlights: Overthrow Run England vs New Zealand World Cup Final