ലോകചാമ്പ്യനെ കുറിച്ച് ചോദിച്ചാൽ ഇനി ആണോ പെണ്ണോ എന്ന് ഇനി ആരും ചോദിക്കേണ്ട. നിലവിൽ ആണും പെണ്ണുമായി ഏകദിന ക്രിക്കറ്റിൽ ഒരൊറ്റ ചാമ്പ്യനേയുള്ളൂ. ക്രിക്കറ്റ് എന്ന കളി കണ്ടുപിടിച്ചു സമ്മാനിച്ച ഇംഗ്ലണ്ട്.

ഒരേസമയം പുരുഷന്മാരുടെയും സ്ത്രീകളുടേയും ക്രിക്കറ്റിലെ ലോകചാമ്പ്യനാവുക എന്ന അപൂർവ നേട്ടമാണ് ഇംഗ്ലണ്ട് രണ്ട് വർഷത്തിന്റെ ഇടവേളയിൽ ലോഡ്സിൽ സ്വന്തമാക്കിയത്. 2017ലാണ് ഇംഗ്ലണ്ടിന്റെ വനിതകൾ ലോകകിരീടം ചൂടിയത്. 2019ൽ പുരുഷന്മാർ അവരെ അനുഗമിച്ച് ചരിത്രം കുറിച്ചു.

england
ഇംഗ്ലണ്ടിന്റെ പുരുഷന്മാരുടെ ടീം ലോകകപ്പുമായി

പുരുഷന്മാരുടെ ടീം ഓയിൻ മോർഗന്റെ നേതൃത്വത്തിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് കന്നി ലോകകിരീടം നേടിയത്. വനിതാ ടീമാവട്ടെ ഹീതർ നൈറ്റിന്റെ നേതൃത്വത്തിൽ ഇന്ത്യയെയാണ് മറികടന്നത്. ഒൻപത് റൺസിന്. ആണുങ്ങളെപ്പോലെയല്ല. പെണ്ണുങ്ങൾക്കത് നാലാം ലോക കിരീടമായിരുന്നു. 1973ലും 93ലും 2009ലും അവർ ലോകചാമ്പ്യന്മാരായിട്ടുണ്ട്. അതുതന്നെ മൂന്ന് തവണയും ലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴായിരുന്നു കിരീടനേട്ടം. പുരുഷന്മാരുടെ ടീം നാലു തവണ തവണ മറ്റുള്ളവർക്ക് കപ്പടിക്കാൻ വേദിയൊരുക്കിയശേഷമാണ് ഒടുവിൽ അഞ്ചാംവട്ടം തിണ്ണമിടുക്ക് കാട്ടി കപ്പ് സ്വന്തമാക്കിയത്.

ഒരേ സമയം പുരുഷന്മാരുടെയും സ്ത്രീകളുടെയും ലോകകിരീടം ചൂടുന്ന രണ്ടാമത്തെ ടീമാണ് ഇംഗ്ലണ്ട്. ഓസ്ട്രേലിയയാണ് മുൻഗാമികൾ. 2003ലെ പുരുഷന്മാരുടെയും 2005ലെ വനിതകളുടെയും ലോകകിരീടമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്.

world cup
ഇംഗ്ലണ്ടിന്റെ വനിതാ ടീം ലോകകപ്പുമായി

ഓസ്ട്രേലിയയുടെ ഈ ഡബിളിന് മറ്റൊരു സവിശേഷതയുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ലോകചാമ്പ്യന്മാരാകാൻ മുട്ടുകുത്തിച്ചത് ഇന്ത്യയെയായിരുന്നു. 2003ൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പിലെ ഫൈനലിൽ ജൊഹാനസ്ബർഗിൽ വച്ച് 125 റൺസിനാണ് ഓസ്ട്രേലിയയുടെ ആണുങ്ങൾ ഇന്ത്യയെ കശക്കിയെറിഞ്ഞത്. രണ്ട് വർഷം കഴിഞ്ഞ് പെണ്ണുങ്ങളാവട്ടെ 2005ൽ ദക്ഷിണാഫ്രിക്കയിലെ തന്നെ സെഞ്ചൂറിയനിൽ 98 റൺസിനും ഇന്ത്യൻ വനിതാ ടീമിനെ മലർത്തിയടിച്ചു.

Content Highlights: ODI Cricket World Cup World Champions England Cricket Team Womens Cricket