ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ഇന്ത്യന്‍ ടീമിന് പുതിയ തലവേദന.

ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ഇന്ത്യന്‍ ടീമും സപ്പോര്‍ട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ഫൈനല്‍ മത്സരം വരെ ഇംഗ്ലണ്ടില്‍ കുടുങ്ങിപ്പോയ അവസ്ഥയിലാണ്.

ഇന്ത്യ ഫൈനലിലെത്താതെ പുറത്തായതോടെ ടീം അംഗങ്ങള്‍ക്ക് തിരികെ നാട്ടിലെത്താനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബി.സി.സി.ഐക്ക് സാധിച്ചില്ല.

ഇന്ത്യന്‍ ടീം ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ ബി.സി.സി.ഐ തിരികെ പോകാനുള്ള വിമാനടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നില്ല. എന്നാല്‍ ഇന്ത്യ അപ്രതീക്ഷിതമായി സെമിയില്‍കിവീസിനോട് തോറ്റതോടെ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇതോടെ ലോകകപ്പ് ഫൈനല്‍ നടക്കുന്ന ജൂലായ് 14 വരെ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ കുടുങ്ങുമെന്ന സ്ഥിതിയാണ്.

സെമിഫൈനലിനു ശേഷമാണ് മടക്ക ടിക്കറ്റിനായി ബി.സി.സി.ഐ ശ്രമിച്ചത്. എന്നാല്‍ ഇത് ലഭിക്കാത്ത സ്ഥിതി വന്നു. ഇതോടെ ടീമിന്റെ മടക്കയാത്ര പ്രശ്‌നത്തിലുമായി.

ടീം പുറത്തായതോടെ ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച തന്നെ മാഞ്ചെസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു. ഇവരില്‍ പലരും ഞായറാഴ്ച വരെ നഗരത്തില്‍ തുടര്‍ന്നേക്കും.

ഇറങ്ങേണ്ട സ്ഥലങ്ങള്‍ക്കനുസരിച്ച് പ്രത്യേക സംഘങ്ങളായിട്ടായിരിക്കും ടീം ഇംഗ്ലണ്ടില്‍ നിന്ന് തിരിക്കുകയെന്ന് ഒരു ബി.സി.സി.ഐ അംഗം അറിയിച്ചു.

Content Highlights: No tickets, Team India stranded in England