ലണ്ടന്‍: കളിക്കളത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ കൊണ്ട് ഏവരെയും ഞെട്ടിക്കുന്ന താരമാണ് എം.എസ് ധോനി. 2007 ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ പരിചയസമ്പന്നനല്ലാത്ത ജൊഗീന്ദര്‍ ശര്‍മയ്ക്ക് അവസാന ഓവര്‍ നല്‍കിയതും 2011 ലോകകപ്പ് ഫൈനലില്‍ നേരത്തെ ബാറ്റിങ്ങിനിറങ്ങിയതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ഇപ്പോഴിതാ ലോകകപ്പ് മത്സരങ്ങളില്‍ ധോനിയുടെ മറ്റൊരു പ്രവൃത്തികൂടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ്. ഇത്തവണ ലോകകപ്പ് മത്സരങ്ങളില്‍ ധോനി ഇറങ്ങുന്നത് വ്യത്യസ്ത കമ്പനികളുടെ ലോഗോ പതിച്ച ബാറ്റുമായാണ്. പലരും ഇക്കാര്യം ശ്രദ്ധിക്കുകയും ചെയ്തു.

എസ്.ജി, എസ്.എസ്, ബി.എ.എസ് എന്നീ സ്‌പോണ്‍സര്‍മാരുടെ ലോഗോ പതിച്ച ബാറ്റുമായാണ് ധോനി ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്നത്. ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ മത്സരങ്ങളുടെ തുടക്കത്തില്‍ എസ്.ജി ലോഗോയുള്ള ബാറ്റാണ് ധോനി ഉപയോഗിച്ചത്. പിന്നീട് ബി.എ.എസിന്റെ ബാറ്റിലേക്ക് മാറി. ഇടയ്ക്ക് എസ്.എസിന്റെ ലോഗോ പതിച്ച ബാറ്റും ധോനി ഉപയോഗിക്കുന്നു.

MS Dhoni using different bat logos as goodwill gesture

കരിയറില്‍ തന്നെ പിന്തുണച്ച സ്‌പോണ്‍സര്‍മാരോടുള്ള നന്ദി സൂചകമായിട്ടാണ് ധോനിയുടെ ഈ പ്രവൃത്തിയെന്നാണ് അദ്ദേഹത്തിന്റെ മാനേജര്‍ അരുണ്‍ പാണ്ഡേ പറയുന്നത്. അതേസമയം ഈ ലോകകപ്പിനു ശേഷം ധോനി വിരമിക്കുമെന്നതിന്റെ സൂചനയാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പലരും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇങ്ങനെ വ്യത്യസ്ത ലോഗോയുള്ള ബാറ്റ് ഉപയോഗിക്കുന്നതിന് ധോനി ഇവരില്‍ നിന്ന് കൂടുതല്‍ പണം വാങ്ങുന്നില്ല. സാധാരണ ഒരു മത്സരത്തില്‍ ഒരു കമ്പനിയുടെ ലോഗോ പതിച്ച ബാറ്റ് ഉപയോഗിക്കുന്നതിന് 10-15 ലക്ഷം രൂപവരെയാണ് ധോനി കൈപ്പറ്റുന്നത്.

Content Highlights: MS Dhoni using different bat logos as goodwill gesture