ന്യൂഡല്‍ഹി: സെമിഫൈനലില്‍ തോറ്റ് ഇന്ത്യ ലോകകപ്പില്‍നിന്ന് മടങ്ങിയതോടെ കനമുള്ളൊരു ചോദ്യം അന്തരീക്ഷത്തില്‍ നിറഞ്ഞു. എം.എസ്. ധോനി ക്രിക്കറ്റില്‍നിന്ന് വിരമിക്കുമോ? 

ഏകദിനത്തിലും ട്വന്റി 20-യിലും ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിച്ച ധോനിക്ക് 38 വയസ്സ് തികഞ്ഞു. പഴയ വേഗവും ചടുലതയും നഷ്ടപ്പെട്ടെന്ന് ഈ ലോകകപ്പില്‍ തെളിഞ്ഞു. പതിവില്ലാത്തവിധം വിക്കറ്റിനുപിന്നില്‍ ഒന്നിലധികം തവണ ധോനിയുടെ കൈകള്‍ ചോരുന്നു. സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ അവസാനംവരെ പൊരുതി. ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് ധോനി നേരത്തേ വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിരമിക്കല്‍ ചര്‍ച്ചയായത്.

എന്നാല്‍, ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് സെമിഫൈനലിനുശേഷം വിരാട് കോലി പ്രതികരിച്ചത്. വിരമിക്കല്‍ ധോനിയുടെ വ്യക്തിപരമായ കാര്യമാണെന്നും തീരുമാനം അദ്ദേഹത്തിന് വിട്ടുനല്‍കണമെന്നും സച്ചിന്‍ തെണ്ടുല്‍ക്കര്‍ പറഞ്ഞു.

ഓഗസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരേയാണ് ഇന്ത്യയുടെ അടുത്തപരമ്പര. ഇന്ത്യന്‍ ക്രിക്കറ്റിലും ലോകക്രിക്കറ്റിലും പേരെഴുതിച്ചേര്‍ത്ത ധോനിക്ക് ഒരു വിരമിക്കല്‍ മത്സരം നല്‍കിയേക്കുമെന്നും വാര്‍ത്തയുണ്ട്.

Content Highlights: MS Dhoni unlikely for West Indies tour amid retirement speculation