മാഞ്ചെസ്റ്റര്‍: ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പാക് ബൗളര്‍ മുഹമ്മദ് ആമിറിന് അമ്പയറുടെ താക്കീത്. ബൗള്‍ ചെയ്ത ശേഷമുള്ള ഫോളോ ത്രൂവില്‍ പിച്ചിലെ 'ഡെയ്ഞ്ചര്‍ ഏരിയ'യിലേക്ക് കടന്നതിനാണ് ആമിറിന് താക്കീത് ലഭിച്ചത്.
രണ്ടു തവണയാണ് ആമിര്‍ ഇത്തരത്തില്‍ പിച്ചിലെ 'ഡെയ്ഞ്ചര്‍ ഏരിയ'യിലേക്ക് കടന്നത്. ഇതോടെയാണ് അമ്പയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ് താക്കീത് നല്‍കിയത്. ഇനി ഒരിക്കല്‍ കൂടി ഈ തെറ്റ് ആവര്‍ത്തിച്ചാല്‍ ഈ മത്സരത്തില്‍ താരത്തിന് തുടര്‍ന്ന് ബൗള്‍ ചെയ്യാന്‍ സാധിക്കില്ല.
മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ആമിര്‍ ആദ്യം 'ഡെയ്ഞ്ചര്‍ ഏരിയ'യിലേക്ക് കടന്നത്. തുടര്‍ന്ന് അഞ്ചാം ഓവറിലെ നാലാം പന്തിലും ഇത് ആവര്‍ത്തിച്ചതോടെ അമ്പയര്‍ രണ്ടാമതും താക്കീത് ചെയ്യുകയായിരുന്നു. ഇതോടെ ആദ്യ സ്‌പെല്ലില്‍ നാല് ഓവര്‍ മാത്രമെറിഞ്ഞ ആമിറിനെ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് പിന്‍വലിച്ചു. പകരം വഹാബ് റിയാസിനെ ബൗളിങ്ങിന് നിയോഗിക്കുകയായിരുന്നു.
ഐ.സി.സിയുടെ നിയമം അനുസരിച്ച് ബൗളിങ് ഫോളോ ത്രൂവില്‍ ബൗളര്‍ പിച്ചിന്റെ 'ഡേയ്ഞ്ചര്‍ ഏരിയ'യിലേക്ക് കടക്കുന്നതിന് വിലക്കുണ്ട്. പിച്ചിന്റെ സ്വഭാവം മാറുന്നതിനും കേടു സംഭവിക്കുന്നതിനും കാരണമാകുന്നതിനാലാണ് ഇത്.
Content Highlights: mohammad amir warned twice for running on pitch