മുംബൈ: ഇന്ത്യ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യത്യസ്ത അഭിപ്രായങ്ങളാണ് പുറത്തുവരുന്നത്. ചിലര്‍ ടീമിനെ പിന്തുണച്ചപ്പോള്‍ മറ്റു ചിലര്‍ വിമര്‍ശിക്കുന്നു. നാലാം പേസ് ബൗളറെ ഉള്‍പ്പെടുത്താത്തതും മധ്യനിരയില്‍ അമ്പാട്ടി റായുഡുവിനെ തഴഞ്ഞതും വിമര്‍ശനത്തിന് ആക്കം കൂട്ടുന്നു. 

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ അദ്ഭുതപ്പെടുത്തിയത് യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞതാണ്. ഇതു സംബന്ധിച്ച്  വോണ്‍ ട്വീറ്റിലൂടെ തന്റെ പ്രതികരണം വ്യക്തമാക്കുകയും ചെയ്തു. 'ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഋഷഭ് പന്ത് ഇല്ല. ഇത് വിവേകശൂന്യമായ സെലക്ഷനായിപ്പോയി'-വോണ്‍ ട്വീറ്റില്‍ പറയുന്നു.

ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന താരമായിരുന്നു ഋഷഭ് പന്ത്. മികച്ച ഫോമിലാണ് എന്നുള്ളതും രണ്ടാം വിക്കറ്റ് കീപ്പറായി നിലനിര്‍ത്താം എന്നതും ഋഷഭിന് അനുകൂല ഘടകങ്ങളായിരുന്നു. എന്നാല്‍ പരിചയസമ്പന്നത മുന്‍നിര്‍ത്തി ഋഷഭിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

Content Highlights: Michael Vaughan Rishabh Pant India World Cup Team