ലണ്ടന്‍: ഇന്ത്യയുടെ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍ മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തോ? അങ്ങനെയാണ് മൈക്കല്‍ വോണ്‍ ആരോപിക്കുന്നത്. ട്വിറ്ററില്‍ മൈക്കല്‍ വോണും മഞ്ജരേക്കറും തമ്മിലുള്ള വാക്കുതര്‍ക്കമാണ് ഇതിന് പിന്നില്‍. 

സഞ്ജയ് മഞ്ജരേക്കറും രവീന്ദ്ര ജഡേജയും തമ്മിലുള്ള പ്രശ്‌നത്തില്‍ മൈക്കല്‍ വോണ്‍ ഇടപെട്ടതാണ് എല്ലാത്തിനും തുടക്കം. ക്രിക്കറ്റ് താരങ്ങളെ പരിഹസിച്ച് നിരന്തരം ട്വീറ്റ് ചെയുന്ന സഞ്ജയ് മഞ്ജരേക്കര്‍ക്കെതിരേ ആരാധകര്‍ രംഗത്തുവന്നിരുന്നു. ആദ്യം ധോനിയെ പരിഹസിച്ച മഞ്ജരേക്കര്‍ രവീന്ദ്ര ജഡേജയെ ചെറുകിട താരമെന്നും വിളിച്ചു. ഇതോടെ മഞ്ജരേക്കറെ ജോലിയില്‍ നിന്ന് നീക്കണമെന്ന് ആരാധകര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് ആവശ്യപ്പെട്ടിരുന്നു. 

ഇതിന് മറുപടിയുമായി ജഡേജയും രംഗത്തെത്തി. ഇപ്പോഴും കളി തുടരുന്ന ഞാന്‍ നിങ്ങളേക്കാള്‍ ഇരട്ടിയലധികം മത്സരം കളിച്ചിട്ടുണ്ട് എന്നായിരുന്നു ജഡേജയുടെ മറുപടി. പക്ഷേ ഈ പരിഹാസം മഞ്ജരേക്കര്‍ വീണ്ടും തുടര്‍ന്നു. 

സെമിഫൈനലില്‍ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത മഞ്ജരേക്കര്‍ ജഡേജയെ ഒഴിവാക്കി. കിവീസിനെതിരേ ജഡേജ വിക്കറ്റെടുത്തതോടെ മൈക്കല്‍ വോണ്‍ മഞ്ജരേക്കറെ പരിഹസിച്ചു. ചെറുകിട താരങ്ങളുടെ സമയം തെളിഞ്ഞു എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഒപ്പം നിങ്ങള്‍ പറഞ്ഞ ആ ചെറുകിട താരം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടല്ലോ എന്നും വോണ്‍ മഞ്ജരേക്കറോട് ചോദിച്ചു. ഇതിന് പിന്നാലെ മഞ്ജരേക്കര്‍ വോണിനെ ബ്ലോക്ക് ചെയ്യുകയായിരുന്നു. 

ഇതോടെ മഞ്ജരേക്കറോട് തന്നെ അണ്‍ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് വോണ്‍ ട്വീറ്റ് ചെയ്തു. കളിവാക്ക് പറഞ്ഞതല്ലേ...എന്നെ അണ്‍ബ്ലോക്ക് ചെയ്യൂ എന്നാണ് വോണിന്റെ ട്വീറ്റ്. മഞ്ജരേക്കറെ പരിഹസിച്ചുള്ള ഒരു ചിത്രവും ഇതിനൊപ്പം വോണ്‍ ചേര്‍ത്തിരുന്നു

 

Content Highlights: Michael Vaughan Accuses Sanjay Manjrekar of Blocking Him on Twitter