ലണ്ടന്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം റാഷിദ് ഖാന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. തന്റെ കരിയറിലെ ഏറ്റവും മോശം ബൗളിങ്ങിലൂടെയാണ് അഫ്ഗാന്‍ സ്പിന്നര്‍ കടന്നുപോയത്. ഒമ്പത് ഓവര്‍ എറിഞ്ഞ താരം വിക്കറ്റൊന്നും നേടാതെ വഴങ്ങിയത് 110 റണ്‍സ്. ലോകകപ്പിലെ ഏറ്റവും മോശം ബൗളിങ്.

ഇതിന് പിന്നാലെ അഫ്ഗാന്‍ താരം നിരവധി പരിഹാസങ്ങള്‍ കേട്ടു. അഫ്ഗാനിസ്താന്റെ ആദ്യ സെഞ്ചുറി എന്ന തരത്തിലായിരുന്നു ട്രോളുകള്‍. എന്നാല്‍ ആരാധകര്‍ മാത്രമല്ല, ഐസ്‌ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡും ഈ ട്രോള്‍ ഏറ്റെടുത്തു. റാഷിദിനെ പരിഹസിച്ചുള്ള ഐസ്‌ലന്‍ഡ ക്രിക്കറ്റ് ബോര്‍ഡ് ഇങ്ങനെയായിരുന്നു. 'ഈ ലോകകപ്പില്‍ അഫ്ഗാന്റെ ആദ്യ സെഞ്ചുറി റാഷിദ് ഖാന്‍ നേടി എന്ന് അറിഞ്ഞു. 56 പന്തില്‍ 110 റണ്‍സ്. ലോകകപ്പില്‍ ഒരു ബോളറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. റാഷിദ്, നീ നന്നായി ബാറ്റു ചെയ്തു'.

ഇംഗ്ലണ്ടിന്റെ മുന്‍താരം ലൂക്ക് റൈറ്റ് ഈ ട്വീറ്റിനെ വിമര്‍ശിച്ച് രംഗത്തുവന്നു. ക്രിക്കറ്റിനായി ഒട്ടേറെ കാര്യങ്ങള്‍, പ്രത്യേകിച്ച് അസോസിയേറ്റ് രാജ്യങ്ങള്‍ക്കായി ചെയ്തിട്ടുള്ള ഒരു താരത്തെ ബഹുമാനിക്കാത്തത് എന്തുകൊണ്ടാണെന്നും ഇത് അസംബന്ധമായ ട്വീറ്റ് ആണെന്നുമായിരുന്നു ലൂക്ക് റൈറ്റിന്റെ മറുപടി. ലൂക്ക് റൈറ്റിന് പിന്തുണയുമായി ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡും രംഗത്തുവന്നു. റാഷിദ് ലോകോത്തര ബൗളര്‍ ആണ്. ബൗളിങ് കാണാന്‍ തന്നെ മനോഹരമാണ്. എല്ലാവര്‍ക്കും ചീത്ത ദിവസങ്ങളുണ്ടാകും. ഇതായിരുന്നു ബ്രോഡിന്റെ ട്വീറ്റ്.

 

Content Highlights: Luke Wright Slams Iceland Cricket For Jibe At Rashid Khan