തുപോലൊരു ഫൈനല്‍ ക്രിക്കറ്റ് ആരാധകര്‍ കണ്ടിട്ടുണ്ടാകില്ല. ഓരോരുത്തരുടേയും നെഞ്ചിടിപ്പേറ്റിയ മത്സരം. വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ ന്യൂസീലന്‍ഡിന് നിര്‍ഭാഗ്യം. നിയമവും കണക്കുകളും ഭാഗ്യവും ഇംഗ്ലണ്ടിനൊപ്പം നിന്നു. അങ്ങനെ ലോഡ്‌സില്‍ സ്വന്തം തറവാട് മുറ്റത്ത് ഇംഗ്ലണ്ട് ആദ്യമായി ലോകകിരീടം വാനിലേക്കുയര്‍ത്തി. 

ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിലെ അവസാന രണ്ട് ഓവറുകളും സൂപ്പര്‍ ഓവറും സംഭവബഹുലമായിരുന്നു. 49-ാം ഓവറില്‍ ബൗണ്ടറി ലൈനില്‍ ചവിട്ടി സിക്‌സ് കൊടുത്ത ബോള്‍ട്ടും 50-ാം ഓവറില്‍ ഗുപ്റ്റിലിന്റെ ഓവര്‍ ത്രോയില്‍ സ്‌റ്റോക്ക്‌സിന്റെ ബാറ്റില്‍തട്ടി ബൗണ്ടറി ലൈനില്‍ എത്തിയ പന്തും ന്യൂസീലന്‍ഡിന്റെ വില്ലന്‍മാരായി. ആ ഓവറുകള്‍ ഇങ്ങനെ ആയിരുന്നു.

അവസാന രണ്ട് ഓവറില്‍ 24 റണ്‍സ്!

നീഷാം എറിഞ്ഞ ആദ്യ രണ്ട് പന്തിലും സിംഗിള്‍. മൂന്നാം പന്തില്‍ പ്ലങ്കറ്റ് ഔട്ട്. 9 പന്തില്‍ 22 റണ്‍സ് വേണ്ടിയിരിക്കേ ബെന്‍ സ്റ്റോക്സിന്റെ ക്യാച്ച് ബൗണ്ടറി ലൈനില്‍ ട്രെന്റ് ബോള്‍ട്ടിന്റെ കൈയിലൊതുങ്ങിയെങ്കിലും പിറകിലോട്ട് നീങ്ങിയ ബോള്‍ട്ട് ബൗണ്ടറി ലൈനില്‍ ചവുട്ടിയത് അതിനാടകീയമായ മുഹൂര്‍ത്തമായി. അഞ്ചാം പന്തില്‍ സ്റ്റോക്സ് ഒരു റണ്‍ എടുത്തു. ആറാം പന്തില്‍ ജോഫ്രെ ആര്‍ച്ചറെ ക്ലീന്‍ ബൗള്‍ ചെയ്ത് നീഷാം പകരം വീട്ടി.

അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സ്. സ്ട്രൈക്കില്‍ ബെന്‍ സ്‌റ്റോക്‌സ്. ആദ്യ രണ്ട് പന്തും തൊടാനായില്ല. മൂന്നാം പന്തില്‍ സിക്സ്. നാലാം പന്തില്‍ ഡബിളിനുവേണ്ടി ഓടവേ, വിക്കറ്റ് ലക്ഷ്യമാക്കി ഗുപ്ടില്‍ എറിഞ്ഞ പന്ത്, ക്രീസിലേക്ക് വീണ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക്... ആറ് റണ്‍സ്. ന്യൂസീലന്‍ഡിന്റെ ദൗര്‍ഭാഗ്യം. അവസാന രണ്ട് പന്തില്‍ വേണ്ടത് മൂന്ന് റണ്‍സ്. അഞ്ചാം പന്തില്‍ ഡബിളിനുവേണ്ടി ഓടവേ നോണ്‍സ്ട്രൈക്കര്‍ എന്‍ഡില്‍ ആദില്‍ റഷീദ് റണ്‍ ഔട്ട്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍. രണ്ടാം റണ്ണിന് ഓടവേ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ മാര്‍ക് വുഡ് ഔട്ട്. ഇംഗ്ലണ്ടിന് 10 വിക്കറ്റും നഷ്ടമായെങ്കിലും കളി തുല്യനിലയിലായി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.

സൂപ്പര്‍ ഓവര്‍

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ സൂപ്പര്‍ ഓവറായിരുന്നു ഇത്. കിവീസിനായി സൂപ്പര്‍ ഓവര്‍ എറിയാനെത്തിയത് ട്രെന്റ് ബോള്‍ട്ട്. ഇംഗ്ലണ്ടിനായി ജോസ് ബട്ലറും ബെന്‍ സ്റ്റോക്സും ക്രീസിലെത്തി.

1- ബോള്‍ട്ട് ടു സ്റ്റോക്സ് - മൂന്ന്
2- ബോള്‍ട്ട് ടു ബട്ലര്‍- സിംഗിള്‍
3- ബോള്‍ട്ട് സ്റ്റോക്സ്- ഫോര്‍
4- ബോള്‍ട്ട് ടു സ്റ്റോക്സ് - സിംഗിള്‍
5- ബോള്‍ട്ട് ടു ബട്ലര്‍- ഡബിള്‍
6- ബോള്‍ട്ട് ടു ബട്ലര്‍- ഫോര്‍

ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 15

ന്യൂസീലന്‍ഡിനായി ക്രീസിലെത്തിയത് ജെയിംസ് നീഷാമും മാര്‍ട്ടിന്‍ ഗപ്ടിലും. പന്തെറിഞ്ഞത് ജോഫ്ര ആര്‍ച്ചര്‍

1- ആര്‍ച്ചര്‍ ടു നീഷാം -വൈഡ്
1- ആര്‍ച്ചര്‍ ടു നീഷാം- ഡബിള്‍
2- ആര്‍ച്ചര്‍ ടു നീഷാം- സിക്സ്
3- ആര്‍ച്ചര്‍ ടു നീഷാം- ഡബിള്‍
4- ആര്‍ച്ചര്‍ ടു നീഷാം- ഡബിള്‍
5- ആര്‍ച്ചര്‍ ടു നീഷാം- സിംഗിള്‍
6- ആര്‍ച്ചര്‍ ടു ഗപ്ടില്‍- സിംഗിള്‍

അവസാന പന്തില്‍ രണ്ടാം റണ്ണിനായി ശ്രമിക്കവേ ഗുപ്റ്റിലിനെ ജോസ് ബട്‌ലര്‍ റണ്‍ ഔട്ടാക്കി. ന്യൂസീലന്‍ഡ് ഒരുവിക്കറ്റ് നഷ്ടത്തില്‍ 15. 

ഇതോടെ ഇരുടീമുകളുടേയും സ്‌കോറുകള്‍ ഒരിക്കല്‍ കൂടി സമമായി. പിന്നീട് ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി. ഇംഗ്ലണ്ട് 26-ഉം ന്യൂസീലന്‍ഡ് 17-ഉം ബൗണ്ടറിയാണ് നേടിയത്.

 

Content Highlights: Last over and super over world cup 2019 final England vs New Zealand