ലോഡ്‌സ്: 'ഇതിലും ഭേദം അമ്പയര്‍മാരെ ഒഴിവാക്കി ടെക്‌നോളജിയെ ആശ്രയിക്കുന്നതാണ്...'ലോഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനിടെ കുമാര്‍ ധര്‍മ്മസേനയുടേയും മരെയ്‌സ് എറാസ്മസിന്റേയും അമ്പയറിങ് കണ്ടിട്ട് ആരാധകര്‍ പറയുന്നതാണിത്. സോഷ്യല്‍ മീഡിയ നിറയെ ഇവര്‍ക്കെതിരേയുള്ള ട്രോളുകളാണ്. അത്രയ്ക്ക് പരിതാപകരമായിരുന്നു അമ്പയറിങ്. 

ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ അമ്പയര്‍ക്ക് ആദ്യ പിഴവ് സംഭവിച്ചു. ക്രിസ് വോക്‌സിന്റെ പന്തില്‍ എല്‍ബിക്ക് അപ്പീല്‍. നിക്കോള്‍സ് ഔട്ട് ധര്‍മ്മസേന വിധിച്ചു. എന്നാല്‍ നിക്കോള്‍സ് റിവ്യൂ നല്‍കി. അത് എല്‍ബി ആയിരുന്നില്ല. അങ്ങനെ നിക്കോള്‍സിന് ജീവന്‍ തിരിച്ചുകിട്ടി.

23-ാം ഓവറിലെ അഞ്ചാം പന്തിലാണ് ധര്‍മ്മസേനക്ക് അടുത്ത പിഴവ് സംഭവിച്ചത്. ലിയാം പ്ലങ്കറ്റിന്റെ പന്തില്‍ കെയിന്‍ വില്ല്യംസണെ വിക്കറ്റ് കീപ്പര്‍ ബട്‌ലര്‍ ക്യാച്ച് ചെയ്തു. എന്നാല്‍ ധര്‍മ്മസേന ഔട്ട് നല്‍കിയില്ല. ഇതോടെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ റിവ്യൂ നല്‍കി. പന്ത് ബാറ്റില്‍ ഉരസിയെന്ന് റീപ്ലേയില്‍ തെളിഞ്ഞു. വില്ല്യംസണ്‍ ഔട്ട് ആയി. 

അടുത്തതായി അമ്പയറുടെ പിഴവില്‍ ന്യൂസീലന്‍ഡിന് നഷ്ടടമായത് നിര്‍ണായക വിക്കറ്റ് ആയിരുന്നു. 34-ാം ഓവറിലെ ആദ്യ പന്തില്‍ റോസ് ടെയ്‌ലര്‍ പുറത്തായി. മാരര്‍ക്ക് വുഡിനെ പന്തില്‍ 15 റണ്‍സെടുത്ത ടെയ്ല്‍ എല്‍ബി ആകുകയായിരുന്നു. ഫീല്‍ഡ് അമ്പയറായ ദക്ഷിണാഫ്രിക്കയുടെ എറാസ്മസ് ഔട്ട് വിധിച്ചു. റിവ്യൂ ബാക്കിയില്ലാത്തതിനാല്‍ ടെയ്‌ലര്‍ക്ക് ക്രീസ് വിടേണ്ടിവന്നു. എന്നാല്‍ റീപ്ലേയില്‍ അത് ഔട്ട് അല്ലെന്ന് തെളിഞ്ഞു. 

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഗുപ്റ്റിലാണ് ന്യൂസീലന്‍ഡിന്റെ റിവ്യൂ നഷ്ടപ്പെടുത്തിയത്. ക്രിസ് വോക്‌സിന്റെ പന്തില്‍ എല്‍ബി ആയ ഗുപ്റ്റില്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ചോദ്യം ചെയ്ത് റിവ്യൂ നല്‍കി. എന്നാല്‍ അത് എല്‍ബി തന്നെയായിരുന്നു. ഇതോടെ ന്യൂസീലന്‍ഡിന് ആ റിവ്യൂ നഷ്ടപ്പെട്ടു. 

ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ ഇംഗ്ലീഷ് താരം ജേസണ്‍ റോയിയും ഇത്തരത്തില്‍ തെറ്റായ തീരുമാനത്തില്‍ പുറത്തായിരുന്നു. അപ്പോഴും അമ്പയര്‍ ധര്‍മ്മസേനയായിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ അലെക്‌സ് കാരി ക്യാച്ചെടുക്കുകയായിരുന്നു. എന്നാല്‍ പന്ത് റോയിയുടെ ബാറ്റിലോ ഗ്ലൗവിലോ തട്ടിയില്ലായിരുന്നു. 

ടെയ്‌ലറുടെ എല്‍ബി

 വില്ല്യംസണ്‍ന്റെ ഔട്ട്

Content Highlights: Kumar Dharmasena Umpiring Mistake England vs New Zealand  Cricket World Cup Final 2019