ലോഡ്‌സ്: ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനല്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിക്ക് ഒരിക്കലും മറക്കാനാവില്ല. അമ്പയര്‍ കുമാര്‍ ധര്‍മ്മസേനയുടെ തെറ്റായ തീരുമാനത്തില്‍ റോയ്ക്ക് നഷ്ടമായത് സെഞ്ചുറി ആയിരുന്നു. പാറ്റ് കമ്മിന്‍സ് എറിഞ്ഞ 20-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ വിക്കറ്റ്. ആ സമയത്ത് 65 പന്തില്‍ 85 റണ്‍സെടുത്തിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍.

വിക്കറ്റ് കീപ്പര്‍ അലെക്സ് കാരിയാണ് ക്യാച്ചെടുത്തത്. എന്നാല്‍ പന്ത് ബാറ്റിലോ ഗ്ലൗവിലോ തട്ടിയിട്ടില്ലായിരുന്നു. റീപ്ലേയില്‍ ഇതു വ്യക്തമായതാണ്. എന്നാല്‍ അമ്പയര്‍ ഔട്ട്  വിളിച്ചതും ഡി.ആര്‍.എസ് എല്ലാം കഴിഞ്ഞതിനാലും ജേസണ്‍ റോയ്ക്ക് ക്രീസ് വിടേണ്ടിവന്നു. പ്രതിഷേധമെന്ന പോലെ ജേസണ്‍ റോയ് കുറച്ചു നേരം ഗ്രൗണ്ട് വിടാതെ നിന്നു. അമ്പയറോട് തര്‍ക്കിക്കുകയും ചെയ്തു. ഇതിന് മാച്ച് ഫീയുടെ 30% പിഴ ലഭിക്കുകയും ചെയ്തു.

ലോഡ്‌സില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ തുടങ്ങുംമുമ്പെ ജേസണെ കാണാന്‍ ഒരാളെത്തി. അന്ന് പുറത്താക്കിയ അമ്പയര്‍ ധര്‍മ്മസേന ആയിരുന്നു അത്. ലോഡ്‌സ് ഗ്രൗണ്ടില്‍ പരിശീലക്കുന്നതിനിടെ ധര്‍മ്മസേന ജേസണ്‍ന്റെ അടുത്തുചെന്ന് കെട്ടിപ്പിടിച്ചു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ശ്രീലങ്കന്‍ അമ്പയര്‍ ജേസണോട് മാപ്പ് ചോദിക്കുകയാണെന്നും ഇത് പ്രായശ്ചിത്തം ആണെന്നുമാണ് ആരാധകര്‍ പറയുന്നത്. 

Content Highlights: Kumar Dharmasena hugs Jason Roy before England vs New Zeland Final