ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ ആവേശത്തിനു പിന്നാലെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ഇനി ലോകകപ്പിലേക്കാണ്. മെയ് 30-ന് ആരംഭിക്കുന്ന ക്രിക്കറ്റിന്റെ ഏറ്റവും വലിയ ടൂര്‍ണമെന്റിനായി കണ്ണുംനട്ടിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

ഇത്തവണ കിരീടം നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ടീമുകളില്‍ മുന്നില്‍ തന്നെയാണ് ഇന്ത്യന്‍ ടീം. ലോകകപ്പിനുള്ള 15 അംഗ ടീമിനെ ഏപ്രിലില്‍ തന്നെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എങ്കിലും ടീമിലെ നാലാം നമ്പര്‍ സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോലിയെ കോച്ച് രവി ശാസ്ത്രിയോ സെലക്ടര്‍മാരോ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം നല്‍കിയിട്ടുമില്ല. 

ഇപ്പോഴിതാ നാലാം നമ്പറിലേക്ക് കെ.എല്‍ രാഹുലിന്റെ പേര് നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. നാലാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങാന്‍ ഏറ്റവും യോജിച്ച താരം രാഹുലാണെന്ന് ഗംഭീര്‍ പറഞ്ഞു. ഒരു പ്രചാരണ ചടങ്ങിനിടെയാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പെട്ടെന്ന് വിക്കറ്റുകള്‍ നഷ്ടമാകാന്‍ സാധ്യതയുള്ളതിനാല്‍ നാലാം നമ്പര്‍ സ്ഥാനം ഏറെ പ്രധാനപ്പെട്ടതാണെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി. 

''ഈ സ്ഥാനത്തേക്ക് ഇന്ത്യ അമ്പാട്ടി റായുഡുവിനെ ഏറെക്കാലം പരീക്ഷിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം ലോകകപ്പ് ടീമിന്റെ ഭാഗം പോലും അല്ല. ദിനേഷ് കാര്‍ത്തിക്, രാഹുല്‍, വിജയ് ശങ്കര്‍ എന്നിവരാണ് പിന്നീടുള്ളത്. ഏറ്റവും പ്രധാനപ്പെട്ട ബാറ്റിങ് പൊസിഷനുകളിലൊന്നാണ് നാലാം നമ്പര്‍ സ്ഥാനം. പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ പെട്ടെന്ന് രണ്ടോ മൂന്നോ വിക്കറ്റുകള്‍ നഷ്ടമായാല്‍ നാലാം നമ്പര്‍ ബാറ്റിങ് സ്ഥാനം നിര്‍ണായകമാകും. പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കേണ്ട ചുമതല നാലാം നമ്പറുകാരനാണ്. ഇക്കാരണത്താലാണ് ഈ ബാറ്റിങ് സ്ഥാനം ഏറെ പ്രധാനപ്പെട്ടതാകുന്നത്'' - ഗംഭീര്‍ ചൂണ്ടിക്കാട്ടി. 

ഈ സ്ഥാനത്തേക്ക് ഇന്ത്യയ്ക്ക് ഏറ്റവും നന്നായി യോജിക്കുന്നയാള്‍ രാഹുലാണ്. കാരണം രാഹുലിന്റെ ബാറ്റിങ് ടെക്‌നിക്ക് മികച്ചതാണെന്നും മത്സരം ജയിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: kl rahul is best suited for no 4 spot in world cup squad gautam gambhir