ലണ്ടന്‍: ശിഖര്‍ ധവാന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതോടെ ഇന്ത്യന്‍ ടീം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ത്യയുടെ ഓപ്പണിങ്ങിനെ ബാധിക്കുന്ന ഈ പരിക്ക് അടുത്ത മത്സരങ്ങളില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി ധവാന് പകരം ആരെ ടീമിലെടുക്കും എന്നതാണ്. അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരെയാണ് ധവാന് പകരക്കാരായി പരിഗണിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഋഷഭ് പന്തിനാണ്. നേരത്തെ തന്നെ ഋഷഭിനെ ടീമിലുള്‍പ്പെടുത്താത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു.

ഋഷഭ് പന്തിനെ എത്രയും പെട്ടെന്ന് ടീമിലുള്‍പ്പെടുത്താനുള്ള നിര്‍ദേശവുമായി ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തുവന്നു. കെ.എല്‍ രാഹുല്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യട്ടെ എന്നും നാലാം നമ്പറില്‍ ഋഷഭ് പന്ത് കളിക്കട്ടെ എന്നുമാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. 

എന്നാല്‍ ഇന്ത്യയുടെ സ്പിന്‍ ബൗളറായ ഹര്‍ഭജന്‍ സിങ് മറ്റൊരു നിര്‍ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്. ധവാന് പകരം ഋഷഭ് പന്തിനെയോ അജിങ്ക്യ രഹാനെയെയോ ടീമിലേക്ക് വിളിക്കണമെന്ന് ഹര്‍ഭജന്‍ പറയുന്നു. ഒരു സീനിയര്‍ താരത്തെയാണ് ടീം നോക്കുന്നതെങ്കില്‍ രഹാനെ ആയിരിക്കും നല്ലതെന്നും ഹര്‍ഭജന്‍ പറയുന്നു. 

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യരേയും പരിഗണിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയതിന് പുറമെ ഐ.പി.എല്ലിലും യുവതാരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന ട്വന്റി-20 റണ്‍സ് ശ്രേയസിന്റെ പേരിലാണ്. മുംബൈയ്ക്കു വേണ്ടി സിക്കിമിനെതിരേ 55 പന്തില്‍ 147 റണ്‍സാണ് ശ്രേയസ് നേടിയത്.

ഞായറാഴ്ച ഓസ്ട്രേലിയക്കെതിരേ നടന്ന മത്സരത്തിലാണ് ധവാന് പരിക്കേറ്റത്. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട് ധവാന്റെ ഇടതു കൈവിരല്‍ നീരുവന്ന് വീര്‍ക്കുകയായിരുന്നു. ധവാനെ ഇന്ന് സ്‌കാനിങ്ങിന് വിധേയനാക്കുകയും ചെയ്തു. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. മൂന്നാഴ്ച്ചയാണ് ധവാന് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്.

Content Highlights: Kevin Pietersen suggests Shikhar Dhawan replacement Rishabh Pant