ലോഡ്‌സ്: ലോകകപ്പ് ക്രിക്കറ്റില്‍ റെക്കോഡ് നേട്ടവുമായി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് വില്ല്യംസണ്‍ന്റെ പേരിനൊപ്പം ചേര്‍ന്നത്. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ഫൈനലില്‍ ഒരു റണ്‍ നേടിയതോടെയാണ് വില്ല്യംസണ്‍ റെക്കോഡിലെത്തിയത്. 

ഇതോടെ 12 വര്‍ഷം മുമ്പ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധന നേടിയ റെക്കോഡ് പഴങ്കഥയായി. 2007 ലോകകപ്പില്‍ 548 റണ്‍സാണ് ജയവര്‍ദ്ധന അടിച്ചെടുത്തത്. ഇംഗ്ലണ്ടിനെതിരേ കലാശപ്പോരില്‍ കളിക്കാനിറങ്ങുമ്പോള്‍ വില്ല്യംസണ്‍ന്റെ പേരില്‍ 548 റണ്‍സുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരേ 30 റണ്‍സ് നേടിയതോടെ കിവീസ് ക്യാപ്റ്റന്‍ ഈ ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്ന് 578 റണ്‍സ് നേടി.

2007 ലോകകപ്പില്‍ 539 റണ്‍സ് നേടിയ ഓസീസ് ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിങ് ആണ് ഈ റെക്കോഡില്‍ മൂന്നമാത്. ഈ ലോകകപ്പില്‍ 507 റണ്‍സടിച്ച ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് നാലാമതും 2015 ലോകകപ്പില്‍ 482 റണ്‍സ് അടിച്ച ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് അഞ്ചാം സ്ഥാനത്തുമുണ്ട്. 

ഫൈനലില്‍ 30 റണ്‍സെടുത്ത വില്ല്യംസണെ പ്ലങ്കറ്റ് വിക്കറ്റ് കീപ്പര്‍ ബട്ലറുടെ കൈകളിലെത്തിച്ചു. ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ രോഹിത് ശര്‍മ്മ, ഡേവിഡ് വാര്‍ണര്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ക്ക് പിന്നില്‍ നാലാമതാണ് വില്യംസണ്‍. 

Content Highlights: Kane Williamson England vs New Zelaand World Cup Record