ന്യൂഡല്‍ഹി: 2016-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചതു മുതല്‍ ലോക ശ്രദ്ധ നേടുന്ന താരമാണ് പേസര്‍ ജസ്പ്രീത് ബുംറ.

പ്രത്യേകതരം ബൗളിങ് ആക്ഷനാണ് ബുംറയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ചെറിയ റണ്ണപ്പാണെങ്കിലും മികച്ച വേഗമാണ് താരത്തിന്റെ പന്തുകള്‍ക്ക്. 

ഇപ്പോഴിതാ ബുംറയുടെ വ്യത്യസ്ത ബൗളിങ് ആക്ഷന്‍ അനുകരിക്കുന്ന ഒരു മുത്തശ്ശി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുകയാണ്.

ക്രിക്കറ്റ് പന്തിനു പകരം ചെറിയ ഒരു ഫുട്‌ബോള്‍ കൈയിലെടുത്താണ് മുത്തശ്ശി ബുംറയുടെ റണ്ണപ്പും ബൗളിങ് ആക്ഷനും അനുകരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഈ വീഡിയോ പിന്നീട് ബുംറ തന്നെ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ശാന്ത സക്കുഭായ് എന്ന യുവതിയാണ് ഈ വീഡിയോ ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനായ ബുംറ ലോകകപ്പിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ബുംറ 18 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Content Highlights: jasprit bumrah reacts to fans mother imitating his bowling action