ബര്‍മിങാം:  ഓസ്‌ട്രേലിയക്കെതിരായ സെമിഫൈനലില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിക്ക് നഷ്ടമായത് അര്‍ഹിച്ച സെഞ്ചുറി. അമ്പയറുടെ ഒരു തെറ്റായ തീരുമാനമാണ് റോയിയെ പുറത്താക്കിയത്. പാറ്റ് കമ്മിന്‍സ് എറിഞ്ഞ 20-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഈ വിക്കറ്റ്. ആ സമയത്ത് 65 പന്തില്‍ 85 റണ്‍സെടുത്തിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍.

വിക്കറ്റ് കീപ്പര്‍ അലെക്‌സ് കാരിയാണ് ക്യാച്ചെടുത്തത്. എന്നാല്‍ പന്ത് ബാറ്റിലോ ഗ്ലൗവിലോ തട്ടിയിട്ടില്ലായിരുന്നു. റീപ്ലേയില്‍ ഇതു വ്യക്തമായി. എന്നാല്‍ അമ്പയര്‍ ഔട്ട് എന്ന് വിളിച്ചതും ഡി.ആര്‍.എസ് എല്ലാം കഴിഞ്ഞതിനാലും ജേസണ്‍ റോയിക്ക് ക്രീസ് വിടേണ്ടിവന്നു. 

പ്രതിഷേധമെന്ന പോലെ ജേസണ്‍ റോയ് കുറച്ചു നേരം ഗ്രൗണ്ട് വിടാതെ നിന്നു. സെഞ്ചുറി അടിക്കാനാകാത്ത എല്ലാ നിരാശയും ഇംഗ്ലീഷ് ഓപ്പണര്‍ക്കുണ്ടായിരുന്നു. സ്മിത്ത് എറിഞ്ഞ പതിനാറാം ഓവറില്‍ തുടര്‍ച്ചയായ മൂന്ന് സിക്‌സടിച്ച് ഫോമിലായിരുന്നു റോയ്. അതില്‍ ഒരു സിക്‌സ് ഗാലറിയുടെ മേല്‍ക്കൂരയും പിന്നിട്ടു. 

Content Highlights: Jason Roy Wikcet England vs Australia World Cup Semi Final